ADVERTISEMENT

ന്യൂഡൽഹി∙ ഒളിംപിക് മെ‍ഡൽ ജേതാവ് സുശീൽ കുമാർ സഹഗുസ്തി താരത്തെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കയ്യിൽ വലിയൊരു വടിയുമായി സുശീൽ നിൽക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രൂരമായി മർദ്ദനമേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മേയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലായിരുന്നു സംഭവം. സുശീലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിനു സമീപം സാഗർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചത്.

കേസിൽ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലിന് ഡൽഹിയിലെ സ്റ്റേഡിയത്തിൽ വച്ചാണ് സാഗറിന് മർദ്ദനമേറ്റത്. സാഗറിനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എല്ലായിടത്തും വൈറലാക്കാൻ സുശീൽ കുമാർ നിർദേശിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനായി തന്റെ സഹായിയായ പ്രിൻസ് എന്നയാളെ സുശീൽ നിയോഗിച്ചിരുന്നു. തനിക്കെതിരെ ഇനിയാരും ശബ്ദമുയര്‍ത്താതിരിക്കുന്നതിനാണ് സാഗറിനെ മർദിക്കുന്ന ദൃശ്യങ്ങൾ എല്ലായിടത്തും പ്രചരിപ്പിക്കാൻ സുശീൽ കുമാർ നിർദേശിച്ചത്.

രണ്ടു വാഹനങ്ങളിലായി എത്തിയാണ് സുശീലും സുഹൃത്തുക്കളും സാഗറിനെ മർദിച്ചത്. പൊലീസ് വാഹനത്തിന്റെ സൈറൺ കേട്ട് സ്ഥലത്തുനിന്നും ഓടിയൊളിച്ച ഇവരുടെ വാഹനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. നിറച്ച ഡബിൾ ബാരൽ ഗണ്‍, ത്രീ റൗണ്ട്സ്, രണ്ടു വടികൾ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുശീൽ കുമാറിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

2008 ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലെ ലണ്ടൻ ഒളിംപിക്സിൽ രാജ്യത്തിനായി വെള്ളിമെഡലും നേടിയ താരമാണ് സുശീൽകുമാർ.

English Summary: Visuals of Sushil Kumar brandishing a thick stick during May 4 brawl  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com