ADVERTISEMENT

ലക്‌നൗ∙ ഹവായ് ചപ്പല്‍ ധരിച്ചുനടന്ന സാധാരണക്കാരെ പോലും ഹവായ് ജഹാസില്‍ (വിമാനത്തില്‍) യാത്ര ചെയ്യാന്‍ പ്രാപ്തനാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി സര്‍ക്കാര്‍ ഏഴുവര്‍ഷം പിന്നിടുന്ന വേളയില്‍ സിതാപൂരിലെ ഗ്രാമീണരോടാണ് യുപി മുഖ്യമന്ത്രി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. .

'മോദി അധികാരത്തില്‍ വരുമ്പോള്‍ ഉള്ളുപൊള്ളയായ, ആഭ്യന്തരപ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യയെയാണ് അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടുന്നത്. വിഘടനവാദം, ഭീകരവാദം, അഴിമതി എന്നിവ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ജാതിയുടെ പേരിലുള്ള അക്രമങ്ങളും അന്ന് രൂക്ഷമായിരുന്നു. വികസനം കുറച്ച് ആളുകളിലേക്ക് മാത്രം ഒതുങ്ങി അരാജകാവസ്ഥയായിരുന്നു രാജ്യത്ത്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ വേദികളില്‍ ബഹുമാനം കിട്ടിയിരുന്നില്ല.

എന്നാല്‍ മോദി വന്നതോടെ പൗരന്മാര്‍ക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നല്‍കി. അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എല്ലാം വികസിപ്പിച്ചു. ഹവായ് ചെരുപ്പ് ധരിക്കുന്നവരെ വരെ വിമാനത്തില്‍ കയറാന്‍ പ്രാപ്തനാക്കി. 55 വര്‍ഷം രാജ്യം ഭരിച്ചവര്‍ രാജ്യത്തിന് ഒരു എയിംസ് നല്‍കിയപ്പോള്‍ മോദി 22 പുതിയ എയിംസ് രാജ്യത്തിന് നല്‍കി. ഒപ്പം 300 മെഡിക്കല്‍ കോളജുകളും.'- യോഗി പറയുന്നു.

തൊഴിലാളികള്‍ക്ക് നേരിട്ട് ബാങ്കില്‍ പണം നല്‍കുന്ന പദ്ധതി ആരംഭിച്ചതോടെ ഇടനിലക്കാര്‍ക്കു പണം തട്ടാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഡല്‍ഹിയില്‍നിന്ന് എത്ര തുക അനുവദിക്കുന്നുവോ അത്രയും പണം തന്നെ അക്കൗണ്ടില്‍ എത്തുന്നുണ്ട്. കോവിഡില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.

English Summary: Before Modi became PM, India was damaged inside: Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com