കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരുകൾ ഒന്നിക്കണം: പുതിയ നിർദേശവുമായി മമത
Mail This Article
കൊൽക്കത്ത∙ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾ തമ്മിൽ ഐക്യം ഉണ്ടാകണമെന്നും ഏതെങ്കിലും സംസ്ഥാനത്തെ നിരന്തരമായി ബുദ്ധിമുട്ടിച്ചാൽ കേന്ദ്ര സർക്കാരിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണ്. ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്ന സാഹചര്യം വന്നാൽ കേന്ദ്ര സർക്കാരിനെതിരെ മറ്റു സംസ്ഥാനങ്ങളും പോരാടണം.
എൻഡിഎ ഭരിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒന്നിച്ചു നിൽക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് എന്റെ അഭ്യർഥന- മമത പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്കു തൃണമൂൽ കോൺഗ്രസിന്റെ ഐക്യദാർഢ്യം മുൻപു പ്രഖ്യാപിച്ചിരുന്ന മമത ഒരു വിഭാഗം കർഷക നേതാക്കളുമായും ചർച്ച നടത്തി. സമരം നടത്തുന്ന കർഷകരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. എൻഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നു കർഷക നേതാക്കൾ എന്നോട് ആവശ്യപ്പെട്ടു.
എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിയതിനു ശേഷം കർഷകർക്കു കത്തെഴുതാനാണ് ആലോചിക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറാകണം– മമത പറഞ്ഞു. പുതിയ വാക്സിനേഷൻ നയത്തിലും കേന്ദ്രത്തെ മമത വിമർശിച്ചു. വാക്സീൻ സൗജന്യമായി നൽകുന്നതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കുള്ളതല്ല. ബിജെപിയുടെ പണമല്ല, ഇന്ത്യക്കാരുടെ പണമാണ് ഇതിനായി ചെലവാക്കുന്നത്.
സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടും കേന്ദ്രം ഇതിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. വാക്സീൻ സൗജന്യമാക്കുമെന്നു ബിഹാർ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ബിജെപി വാക്കു നൽകിയിരുന്നെന്നും മമത പറഞ്ഞു. ബംഗാളിനു പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നു തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
English Summary: Mamata Banerjee’s new proposal to counter Centre is a union of state governments