ADVERTISEMENT

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഇന്ധന വിലവർധനയിലൂടെ കേന്ദ്രത്തിലേയും കേരളത്തിലേയും സർക്കാരുകൾ തങ്ങളുടെ പ്രജകളുടെ പോക്കറ്റടിക്കുകയാണന്നും ക്രിക്കറ്റ് പ്രേമികൾക്ക് സെഞ്ച്വറി കാണാൻ തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം 24 തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വില യഥാക്രമം 34.19 രൂപയും 36.32 രൂപയുമാണ്. എന്നാൽ ഒരു ലീറ്റർ പെട്രോളിന് കേന്ദ്ര സർക്കാർ 32.90 രൂപയും ഡീസലിന് 31.80 രൂപയും ആണ് എക്സൈസ് നികുതി ആയി ജനങ്ങളുടെ പോക്കറ്റിൽ നിന്ന് അടിച്ചു മാറ്റുന്നത്. പെട്രോളിന്റെ സംസ്ഥാന നികുതി 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും ആണ്.

ദിനം പ്രതിയുള്ള വിലവർധനവിനെ തുടർന്ന് കോടി കണക്കിന് രൂപയുടെ അധിക നികുതിയാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. മുൻ യുഡിഎഫ് സർക്കാർ 8 തവണയാണ് അധികനികുതി വേണ്ടന്ന് വച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ അധിക നികുതി ഉപേക്ഷിക്കാൻ തയാറാകാതെ ജനങ്ങളിൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടി തുടരുന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില അനുദിനം കുറയുമ്പോഴും ഇന്ധന വില കുറയ്ക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. പെട്രോൾ, ഡീസൽ വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണം. സംസ്ഥാന സർക്കാർ ജിഎസ്ടി കൗൺസിലിൽ ഇതാവശ്യപ്പെട്ടണം. ജിഎസ്ടിയിൽ പെട്രോൾ, ഡീസൽ ഉൾപ്പെടുത്തിയാൽ പരമാവധി നികുതി 28 ശതമാനം മാത്രമേ ഈടാക്കാൻ സാധിക്കൂ. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും.

പെട്രോൾ, ഡീസൽ വില ജിഎസ്ടിയിൽ ഉൾപെടുത്തിയാൽ വില കയറ്റത്തിൽനിന്നും കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്നും കരകയറാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് വലിയ സഹായകമാകും. ജനാധിപത്യത്തിൽ ജനം രാജാവാണ്. അവരെ സഹായിക്കുക, അവരെ ചേർത്തു നിര്‍ത്തുക, അവരെ കൊള്ളയടിക്കാതിരിക്കുക, ഇതാകണം ഭര്യേണ വർഗം ചെയ്യേണ്ടത്– അദ്ദേഹം പറഞ്ഞു.

English Summary: Govt should bring petrol and diesel under GST: Sooranad Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com