‘ആൺമക്കൾക്ക് അന്ത്യകർമം ചെയ്യേണ്ടി വന്ന അച്ഛൻമാർ’; സുധാകരന്റെ വേറിട്ട കുറിപ്പ്
Mail This Article
തിരുവനന്തപുരം ∙ ‘ഫാദേഴ്സ് ഡേയിൽ’ വ്യത്യസ്തമായ കുറിപ്പ് പങ്കിട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തന്നെ കോൺഗ്രസുകാരനാക്കിയ അച്ഛനെയും മക്കൾക്ക് അന്ത്യകർമം ചെയ്യേണ്ടി വന്ന അച്ഛൻമാരെയും ഓർത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
‘നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നതു കണ്ടുനിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.’ അദ്ദേഹം കുറിച്ചു.
കുറിപ്പ് വായിക്കാം:
അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ.
ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും തണലനുഭവിച്ചിരുന്നു. മൂവർണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊർജമായിരുന്നു.
അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും വാപ്പമാർ.. കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛന്മാർ..
കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.
English Summary : KPCC president K Sudhakaran's facebook post on father's day