ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ബിജെപിയെ ഒരുമിച്ചു കൊണ്ടുപോവുക എന്നതാണ് പുതിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ മുൻപിലെ വലിയ ദൗത്യം. അതെത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം. നാലു മാസത്തിനിടെ ഉത്തരാഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്കർ സിങ്. 

മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മാർച്ചിലാണ് മാറിയത്. കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകളും വിവാദ പ്രസ്താവനകളും ത്രിവേന്ദ്ര സിങ്ങിനു പകരം വന്ന തീരഥ് സിങ്ങിനും പ്രശ്നമായിരുന്നു. മുതിർന്ന നേതാക്കളായ സത്പാൽ മഹാരാജ്, ധൻ സിങ് റാവത്ത് എന്നിവരെയും ദേശീയ നേതൃത്വം ചർച്ചകൾക്കായി വിളിച്ചു വരുത്തിയെങ്കിലും സംസ്ഥാന പാർട്ടി നേതൃത്വത്തിലും എംഎൽഎമാർക്കിടയിലും വലിയ എതിർപ്പില്ലാത്ത പുഷ്കറിന് നറുക്കു വീഴുകയായിരുന്നു.

ത്രിവേന്ദ്ര സിങ്ങിന്റെ പേരും നിയമസഭാ കക്ഷി യോഗത്തിൽ ചിലർ നിർദേശിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അടുത്തയാളായി അറിയപ്പെടുന്ന ധാമി, മുൻ മുഖ്യമന്ത്രിയും ഇപ്പോൾ മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോഷിയാരിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായിരുന്നു. 2 തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അനിൽ ബലൂണിയെപ്പോലെ ഒരാളെ മുഖ്യമന്ത്രിയാക്കുമ്പോൾ വീണ്ടും തിരഞ്ഞെടുപ്പു സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധി ഉയർന്നുവരുമെന്നതും പുഷ്കർസിങ്ങിനെ തിരഞ്ഞെടുക്കുന്നതിന് ആക്കം കൂട്ടി.

ബിജെപി നിയമസഭാ കക്ഷിയോഗം പുഷ്കർസിങ്ങിനെ തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്ന സത്പാൽ മഹാരാജും ധൻസിങ് റാവത്തും യോഗസ്ഥലത്തുനിന്നു സ്ഥലം വിട്ടത് പാർട്ടി വൃത്തങ്ങളിൽ ചർച്ചയായിരുന്നു. ബിജെപിയുടെ 56 എംഎൽഎമാരിൽ 14 പേർ നേരത്തേ കോൺഗ്രസ് വിട്ടു വന്നവരാണ്. ഇവരിൽ ചിലർ അടുത്തകാലത്തു കാണിക്കുന്ന ചാഞ്ചാട്ടവും പാർട്ടിക്കു മുൻപിലുണ്ട്. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള സംസ്ഥാന പ്രസിഡന്റ് മദൻ കൗശിക്കിനൊപ്പം ഠാക്കൂർ സമുദായത്തിൽനിന്നുള്ള പുഷ്കർധാമിയെ കൊണ്ടുവരുന്നത് പാർട്ടിയിൽ ഐക്യത്തിനു വഴിയൊരുക്കുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. 

തീരഥ് സിങ് റാവത്ത്
തീരഥ് സിങ് റാവത്ത്.

∙ തീരമടുക്കാതെ പോയ തീരഥ് 

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയായിരുന്നു ത്രിവേന്ദ്രസിങ് റാവത്തിനു പകരം കൊണ്ടുവന്ന തീരഥ് സിങ് റാവത്തിന്റെ 114 ദിവസത്തെ ഭരണം ബിജെപിക്കു നൽകിയത്. പ്രസ്താവനകളുടെയും തീരുമാനങ്ങളുടെയും പേരിൽ പലവട്ടം ദേശീയ നേതൃത്വത്തിന് തീരഥ് സിങ്ങിനെ വിളിച്ചു താക്കീതു ചെയ്യേണ്ടി വന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ത്രിവേന്ദ്രസിങ്ങിന് പകരം ആര് എന്നു ചോദ്യമുയർന്നപ്പോൾ അന്നും ആർഎസ്എസ് പിന്തുണയുള്ള ധൻസിങ് റാവത്തിന്റെയും അമിത്ഷായുടെ പിന്തുണയുള്ള അനിൽ ബലൂണിയുടെയും പേരുകളായിരുന്നു ഉയർന്നു വന്നിരുന്നത്. എന്നാൽ പാർട്ടി ദേശീയ നേതൃത്വം തീരഥിനെ പിന്തുണച്ചത് ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ലായിരുന്നു എന്നതു കൊണ്ടാണ്. പക്ഷേ തീരുമാനങ്ങളുടെയും ചിലപ്പോൾ തീരുമാനമില്ലായ്മകളുടെയും പേരിൽ തീരഥ്സിങ് ബിജെപിക്കു ഭാരമായി.

2021 മാർച്ച് 10നാണ് തീരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. സെപ്റ്റംബർ 10നകം നിയമസഭാംഗമാകേണ്ടിയിരുന്നിട്ടും പാർട്ടി ദേശീയ നേതൃത്വമോ മറ്റാരെങ്കിലുമോ ഉപതിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നില്ല എന്നതാണു വാസ്തവം. കാരണം തീരഥ് സിങ്ങിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കാര്യം ‘കട്ടപ്പുക’യാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും കുറെ നേതാക്കളും അറിയിച്ചിരുന്നു. 

ഏപ്രിൽ ആദ്യവാരം നടന്ന സാൾട്ട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ തീരഥിനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്ക് അദ്ദേഹം കോവിഡ്  ബാധിതനായി. മാത്രമല്ല, ത്രിവേന്ദ്രസിങ് സർക്കാരിന്റെ തീരുമാനമായിരുന്ന ഗെയിർസെയിൻ സ്വയംഭരണ ഡിവിഷൻ വേണ്ടെന്നു വച്ച തീരഥിന്റെ തീരുമാനം ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ പ്രയോഗിക്കപ്പെടുമോ എന്നും ആശങ്കയുണ്ടായിരുന്നു. 

തീരഥ് സിങ് റാവത്ത്
തീരഥ് സിങ് റാവത്ത്.

∙ വിവാദമായി തീരുമാനങ്ങളും പ്രസ്താവനകളും

ഗഡ്‌വാൾ ഡിവിഷൻ വിഭജിച്ച് ഗെയിർസെയിൻ ഡിവിഷൻ രൂപവൽക്കരിക്കാനുള്ള തീരുമാനം ത്രിവേന്ദ്രസിങ് റാവത്ത് ആണ് എടുത്തത്. അത് പാർട്ടിയോ നേതാക്കളോ അറിഞ്ഞിരുന്നില്ലെന്ന് ആക്ഷേപമുയർന്നു. ബജറ്റിൽ നിർദേശം വന്നപ്പോഴാണ് എംഎൽഎമാർ ഇതറിയുന്നത്. പ്രതിഷേധിച്ചവരോട് അതിലൊന്നും കാര്യമില്ലെന്ന് പറഞ്ഞു ത്രിവേന്ദ്രസിങ് മടക്കി. 

അതോടെയാണ് 3 വർഷമായി പുകഞ്ഞു കൊണ്ടിരുന്ന പ്രതിഷേധം പുറത്തേയ്ക്കു വന്നത്. തീരഥ് സിങ് റാവത്ത് സ്ഥാനമേറ്റതോടെ ‘പൊതുജനാഭിപ്രായം’ മാനിച്ച് ആ തീരുമാനം മാറ്റി. എന്നാൽ കുമയൂൺ മേഖലയിൽ ഇതിനെതിരെ അമർഷമുയർന്നു. സാൾട്ടിൽ മത്സരിപ്പിക്കാത്തിനു പിന്നിലും ഇതായിരുന്നു കാരണമെന്ന് ഇപ്പോൾ പറയപ്പെടുന്നുണ്ട്.

ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളുൾപ്പെടുന്ന ചാർധാം ക്ഷേത്രങ്ങളുടെ ഭരണത്തിന് ദേവസ്ഥാനം ബോർഡ് രൂപവൽക്കരിച്ചത് തീരഥ് സിങ് വേണ്ടെന്നു വച്ചിരുന്നു. പുരോഹിതരുടെ ആവശ്യം മാനിച്ചായിരുന്നു ഇത്. ഇതേച്ചൊല്ലി ടൂറിസം സാംസ്കാരിക വകുപ്പിന് വലിയ എതിർപ്പുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 

സ്ത്രീകൾ കീറിയ ജീൻസിടുന്നതിലൂടെ എന്ത് മൂല്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന ചോദ്യവും അമേരിക്ക 200 കൊല്ലം ഇന്ത്യയെ അടക്കിഭരിച്ചുവെന്ന പ്രസ്താവനയും മോദി കൃഷ്ണന്റെയും രാമന്റെയും പ്രതിരൂപമാണെന്ന പ്രസ്താവനയുമൊക്കെ ആവശ്യമില്ലാത്ത വിവാദങ്ങളിലേക്കും വിശദീകരണങ്ങളിലേക്കും പാർട്ടിയെ കൊണ്ടെത്തിച്ചു. തുടർന്നാണ് ജെ.പി.നഡ്ഡ തീരഥിനെ ഡൽഹിയിലേക്കു വിളിച്ചു വരുത്തി ജോലിയിൽ ശ്രദ്ധിക്കാൻ നിർദേശിച്ചത്.

അതിനിടയ്ക്കാണ് കുംഭമേള വന്നത്. കോവിഡ് രണ്ടാംവരവിനിടെ കുംഭമേള നടത്താനുള്ള തീരുമാനം ദേശീയ തലത്തിൽത്തന്നെ ബിജെപിക്കെതിരെ വലിയ വിമർശനത്തിനിടയാക്കി. കോവിഡ് കേസുകൾ കുതിച്ചു കയറിയതും അതിൽ കുംഭമേളയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടതും ആർഎസ്എസിന്റെ വിമർശനത്തിനും ഇടയാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കുംഭമേള നടത്തുക എന്ന് തീരഥ് സിങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ടെസ്റ്റുകൾ നടത്തിയെന്നു പറഞ്ഞത് പലതും സംസ്ഥാനത്തു പോലും ഇല്ലാത്തവരുടെ നമ്പറുകൾ ഉപയോഗിച്ചായിരുന്നുവെന്ന് കണ്ടെത്തിയതോടെ അതും വിവാദത്തിലായി.

trivendra-singh-rawat-kumbh-mela
മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് കുംഭമേളയ്ക്കിടെ.

∙ മാറ്റം ‘പച്ചപിടിക്കുമെന്നു’ ബിജെപി പ്രതീക്ഷ

പുതിയ മുഖ്യമന്ത്രിക്ക് എല്ലാ പ്രശ്നങ്ങളും തീർത്ത് പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയ നേതൃത്വം. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പാർട്ടി ചർച്ച ചെയ്യുന്നതിനിടയ്ക്കാണ് നാലുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടി വന്നത്. മുൻപ് 2007ൽ അധികാരം കിട്ടിയപ്പോൾ ബി.സി.ഖണ്ഡൂരിയെയും രമേഷ് പൊക്രിയാൽ നിഷാങ്കിനെയും വീണ്ടും ഖണ്ഡൂരിയെയും പരീക്ഷിക്കേണ്ടി വന്നിരുന്നു പാർട്ടിക്ക്.

അടുത്ത തിരഞ്ഞെടുപ്പിൽ പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. ആ സന്ദർഭം ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ തയാറെടുപ്പുകളും ബിജെപി നടത്തുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ ഒക്ടോബർ മുതൽ സംസ്ഥാനത്തു പര്യടനം നടത്തും. ഒട്ടേറെ വികസന പദ്ധതികളും വരും മാസങ്ങളിൽ സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്യും. 

English Summary: Will ministirial revamping help BJP in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com