കരിപ്പൂർ സ്വർണക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ കസ്റ്റംസ് തിരിച്ചയച്ചു
Mail This Article
കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും കസ്റ്റംസ് തിരിച്ചയച്ചു. അടുത്ത തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ് നൽകിയതിനാൽ അന്ന് ഹാജരാകാനാണ് നിർദേശം. ഇന്നലെ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്നും ഇന്നു ഹാജരാകാമെന്നും അഭിഭാഷകൻ മുഖേന ഷാഫി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫി സ്വർണക്കടത്തു ക്വട്ടേഷൻ സംഘത്തിനു നേതൃത്വം നൽകുന്നതായുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നത്. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
കരിപ്പൂരിൽ 2.33 കിലോഗ്രാം സ്വർണവുമായി ജൂൺ 21 നു പുലർച്ചെ പിടിക്കപ്പെട്ട കാരിയർ മുഹമ്മദ് ഷഫീഖാണു കുറ്റകൃത്യത്തിൽ മുഹമ്മദ് ഷാഫി, ടിപി കേസിലെ മറ്റൊരു പ്രതി കൊടി സുനി എന്നിവരുടെ പങ്കാളിത്തം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് അറസ്റ്റിലായ അർജുൻ ആയങ്കിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Content Highlights: Karipur Gold Smuggling Case, Muhammad Shafi, Customs Department