ADVERTISEMENT

ന്യൂഡൽഹി ∙ കിറ്റെക്സ് ചെയർമാൻ സാബു എം.ജേക്കബിനെ ഫോണിൽ വിളിച്ചു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പിന്തുണ അറിയിച്ചു. നിലവിലെ പ്രശ്നങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച രാജീവ്, കിറ്റെക്സിനു കർണാടകയിൽ നിക്ഷേപം നടത്താൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

തെലങ്കാനയിലെ കാകതിയ മെഗാ ടെക്‌സ്റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും തമ്മിൽ തത്വത്തിൽ ധാരണയായി. തെലങ്കാനയിലെത്തിയ സാബു എം.ജേക്കബിനോടും സംഘത്തോടും ഒരു ദിവസം കൂടി തുടരാൻ സർക്കാർ അഭ്യർഥിച്ചു. ഇന്നു വരാനിരുന്ന സംഘത്തിന്റെ വരവ് നാളത്തേയ്ക്കു നീട്ടിയതായി കിറ്റെക്സ് എംഡി അറിയിച്ചു. സർക്കാർ ഉന്നത തല സംഘവുമായി കൂടുതൽ പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുന്നതിനാണ് യാത്ര നീട്ടിവച്ചത് എന്നാണ് വിവരം.

രണ്ടു വർഷത്തിനുള്ളിലാണു ടെക്‌സ്റ്റൈൽ അപ്പാരൽ പദ്ധതിക്കായി 1,000 കോടി മുതൽ മുടക്കുക. 4,000 പേർക്കു തൊഴിൽ ലഭിക്കും. സാബു എം.ജേക്കബും സംഘവും വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണു നിക്ഷേപത്തിനു തീരുമാനമായത്. തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ സംഘം പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി. മന്ത്രിക്കൊപ്പം ഉച്ചഭക്ഷണ ശേഷം ആദ്യ ഘട്ട ചർച്ചയും രാത്രി രണ്ടാം ഘട്ട ചർച്ചയും നടത്തി. 

Sabu-M-Jacob
സാബു എം.ജേക്കബ്

കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, ഇവിടെ നിന്ന് ആട്ടിയോടിക്കുകയാണ്, ചവിട്ടിപ്പുറത്താക്കുകയാണ്. എത്ര കാലം ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ കഴിയും? കേരള സർക്കാരുമായി ഇനിയും ചർച്ചയ്ക്കു തയാറാണെങ്കിലും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിലവിലുള്ള കിറ്റെക്സ് സ്ഥാപനങ്ങൾ കൂടി കേരളത്തിനു പുറത്തേക്കു മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും സാബു മുന്നറിയിപ്പു നൽകി.

തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കു പിന്നാലെ കർണാടകയും തങ്ങളുടെ നിക്ഷേപ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി കിറ്റെക്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ അനുകൂല സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സംസ്ഥാന വാണിജ്യ, വ്യവസായ ഡയറക്ടറും വ്യവസായ വികസന കമ്മിഷണറുമായ ഗുഞ്ജൻ കൃഷ്ണ, കിറ്റെക്സ് ഗാർമെന്റ്സ് എംഡിക്കു കത്തയച്ചു.

English Summary: Rajeev Chandrasekhar Supports Kitex Group, Sabu M Jacob, Karnataka, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com