ADVERTISEMENT

തിരുവനന്തപുരം ∙ മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായ സംസ്കൃതം പ്രഫസർക്ക് ബഹുഭാഷാ നിഘണ്ടു തയാറാക്കാൻ മുൻ‌പ് യുജിസി 7,81,600 രൂപ അനുവദിച്ചെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചുവെന്ന ഗുരുതര ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി രംഗത്ത്. ഇങ്ങനെയുള്ളയാളെ ആണ് കേരള സർവകലാശാല മഹാനിഘണ്ടുവിന്റെ ചുമതല ഏൽപിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രധാന ദ്രാവിഡ ഭാഷകളുടെയും ഏതാനും ഇൻഡോ–യൂറോപ്യൻ ഭാഷകളുടെയും നിഘണ്ടുവായ ‘ബഹുഭാഷാ ബോധിനി’ തയാറാക്കാനാണ് ഈ പ്രഫസർക്കു 2012 ഫെബ്രുവരിയിൽ യുജിസി തുക അനുവദിച്ചത്. യുജിസി ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ, സംസ്കൃത സർവകലാശാലയ്ക്കു കൈമാറിയിരുന്നു. 5 വർഷം കഴിഞ്ഞിട്ടും നിഘണ്ടു നി‍ർമാണം ആരംഭിക്കാത്തതു കൊണ്ട് അനുവദിച്ച തുക മടക്കി നൽകാൻ സംസ്കൃത സർവകലാശാലാ അധികൃതർ പ്രഫസറോട് ആവശ്യപ്പെട്ടു.

നിഘണ്ടു നിർമാണത്തിന് യുജിസി അനുവദിച്ചിരുന്നത് 2 വർഷം ആയിരുന്നു. ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് പ്രഫസർ വരുത്തിയതെന്നാണ് ആക്ഷേപം. വിവിധ ഭാഷകളിൽ പാണ്ഡിത്യമുള്ള ബഹുഭാഷാ പ്രതിഭ ആയതു കൊണ്ടാണ് ഇവരെ സർവകലാശാലാ ഓർഡിനൻസിലെ യോഗ്യതാ വ്യവസ്ഥകൾ ലംഘിച്ച് എഡിറ്ററായി നിയമിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ ഭാര്യ എന്ന നിലയിലുള്ള പ്രത്യേക പരിഗണനയാണ് നിയമനത്തിൽ കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ചു വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം തേടി.

നിഘണ്ടു നിർമാണത്തിൽ അറിവില്ലെന്നു തെളിയിച്ച പ്രഫസറെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ച കേരള സർവകലാശാലയുടെ നടപടി റദ്ദാക്കാൻ വിസിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.

English Summary: Save University Campaign Committee Against Malayalam Dictionary Editor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com