സീരിയൽ നിർമാണത്തിനെന്ന പേരിൽ എടുത്ത വീട്ടിൽ കള്ളനോട്ട് അച്ചടി; 6 പേർ കസ്റ്റഡിയിൽ
Mail This Article
കൊച്ചി ∙ പിറവം ഇലഞ്ഞിയിൽ കള്ളനോട്ട് സംഘത്തിനു വീട് എടുത്തു നൽകിയയാൾ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിൽ. ഇയാളാണു വീട്ടുടമയിൽനിന്നു സീരിയൽ നിർമാണത്തിനെന്ന പേരിൽ വീടെടുത്തു നൽകുകയും ഉടമയ്ക്കു വാടക നൽകുകയും ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി പ്രതികളെ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന വിവരം അറിഞ്ഞതോടെ ഇയാൾ സ്ഥലം വിട്ടിരുന്നു.
ഒരു വർഷമായി ഈ വീട് മധുസൂദനന്റെ കസ്റ്റഡിയിലാണ്. അങ്കമാലിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. വീട്ടുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. നേരത്തേ ഇവർ ക്വാറന്റീൻ ആവശ്യത്തിനായി വീട് എടുക്കുകയും പിന്നീടു സീരിയൽ നിർമാണത്തിന് എന്ന പേരിൽ തുടരുകയുമായിരുന്നു. ഒരു വർഷമായി ഇവിടെ കള്ളനോട്ട് അച്ചടി നടക്കുന്നുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇവരിൽനിന്ന് 7.5 ലക്ഷം രൂപ കണ്ടെത്തി. 500 രൂപയുടെ നോട്ടാണ് അച്ചടിച്ചിരുന്നത്. സംഘത്തിൽനിന്നു നോട്ടടിക്കുന്നതിനുള്ള കംപ്യൂട്ടർ, പ്രിന്ററുകൾ, കടലാസുകൾ തുടങ്ങിയവ കണ്ടെടുത്തു. ഇതുവരെ ആറുപേർ സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായി. പരിശോധന പൂർത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
English Summary: Koothattukulam police have taken into custody a man related counterfeit notes in Piravom