ADVERTISEMENT

കൊല്ലം ∙ ഓണക്കാലത്ത് ഉൾപ്പെടെ സ്കൂളുകൾ വഴി കുട്ടികൾക്കു വിതരണം ചെയ്യാൻ സർക്കാർ സൂക്ഷിച്ചുവച്ചതു വർഷങ്ങൾ പഴക്കമുള്ള  പുഴുവരിച്ച അരി! പഴകിയ അരി കീടനാശിനികൾ ഉൾപ്പെടെ ചേർത്തു ‘വൃത്തിയാക്കു’ ന്നതിനിടെ ബിജെപി പ്രവർത്തകർ ഗോ‍ഡൗൺ ഉപരോധിച്ചു തടഞ്ഞു.

സിവിൽ സപ്ലൈസ് അധികൃതരുടെ അറിവോടെയാണ് പഴകിയ 2000 ചാക്ക് അരി വൃത്തിയാക്കാൻ കരാർ നൽകിയതെന്ന വിവരവും പുറത്തായി.  സംസ്ഥാനത്തെമ്പാടും ഇത്തരത്തിൽ പഴകിയ അരി  വൃത്തിയാക്കി സ്കൂളുകൾ വഴി വിതരണം ചെയ്യാനാണ് ആലോചനയെന്നും സൂചനയുണ്ട്.

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണു സംഭവം. സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ 2018 ബാച്ചിൽപ്പെട്ട അരി ഉൾപ്പെടെ കൂട്ടത്തിലുണ്ട്. ഇതാകട്ടെ പഴകി പുരുവരിച്ച നിലയിലാണ്.

ബംഗാളികളും തമിഴ്നാട്ടുകാരും അടങ്ങുന്ന തൊഴിലാളികൾ അനവധി ചാക്കുകൾ വൃത്തിയാക്കിക്കഴിഞ്ഞു. അരി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു. 

ഗോഡൗണിൽ ഏറെക്കാലമായി അട്ടിയിട്ടിരുന്ന 2000 ചാക്ക് അരി തൊഴിലാളികളെ കൊണ്ടു വൃത്തിയാക്കാനാണു സപ്ലൈകോ അധികൃതർ കഴിഞ്ഞ 15 ന് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു ചാക്ക് അരി വൃത്തിയാക്കാൻ 40 രൂപ നിരക്കിൽ കരാർ നൽകി.

rice-kerala-1248

കരാറുകാരന്റെ തൊഴിലാളികൾ കീടനാശിനി അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചു അരി  വൃത്തിയാക്കി തുടങ്ങിയതോടെയാണു വിവരം പുറത്തായത്. വിവരം അറിഞ്ഞു ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ബിജെപി പ്രവർത്തകർ ഗോഡൗൺ ഉപരോധിച്ചതോടെ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ, അരി  വൃത്തിയാക്കാന്‍ സപ്ലൈകോ അധികൃതർ നൽകിയ  ഉത്തരവിന്റെ പകർപ്പും പുറത്തായി. 

∙ ഉത്തരവിൽ പറയുന്നത്

‘2000 ചാക്ക് എംഡിഎംഎസ് അരി മാനുവൽ ക്ലീനിങ് ചെയ്യുന്നതിനു അനുമതി നൽകി ഉത്തരവായിട്ടുണ്ട്. ലഭ്യമാക്കിയ ക്വട്ടേഷനുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് ( ചാക്കിന് 40 രൂപ) ക്വോട്ടു ചെയ്തിരിക്കുന്ന ആർ. പ്രസാദിനെ നിലവിലെ ചട്ടങ്ങൾ പാലിച്ചു ക്ലീനിങ് ജോലിക്കു നിയോഗിക്കാവുന്നതും ആകെ ചെലവായ തുക, ക്ലീനിങ് മൂലം നഷ്ടമായ അരിയുടെ അളവ്, ക്യുസി റിപ്പോർട്ട് എന്നിവ സഹിതം പൂർത്തീകരണ റിപ്പോർട്ട് ലഭ്യമാക്കേണ്ടതും ക്ലീൻ ചെയ്തു കിട്ടുന്ന അരി അടുത്ത ഘട്ടം തന്നെ സ്കൂളുകൾക്കു വിതരണം ചെയ്യേണ്ടതാണ്....’

∙ ജില്ലാ സപ്ലൈ ഓഫിസർ പറയുന്നത്

ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള അരിയാണിത്. അവയിൽ കേടു വന്നതു വൃത്തിയാക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതനു‌സരിച്ചാണു വൃത്തിയാക്കൽ തുടങ്ങിയത്. പരാതിയായതോടെ നിർത്തിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.- ജില്ലാ സപ്ലൈ ഓഫിസർ ടി. ഗാനാദേവി പറഞ്ഞു.

English Summary: Move to supply bad quality rice to School children at Kottarakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com