ADVERTISEMENT

കൊച്ചി ∙ കളമശേരിയിൽ തീവ്രവാദ ബന്ധമുള്ളവരുമായി സഹകരിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് പ്രസിഡന്റ് ഒ.എം.സലാവുദീന്‍, തൃക്കാക്കര വെസ്റ്റ് മേഖല സെക്രട്ടറി ലുക്മാനുൽ ഹക്കിം, കളമശേരി ബ്ലോക്ക് കമ്മിറ്റി അംഗം ഷിഹാബ് എന്നിവരെ പദവികളിൽനിന്നു നീക്കി. പാർട്ടി അംഗത്വത്തിൽനിന്നു മാറ്റി നിർത്തുന്നതടക്കമുള്ള കടുത്ത നടപടികളെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്. ഇവർക്കെതിരെ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറിക്കു പരാതി ലഭിച്ചിരുന്നു.

കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള തടിയന്റവിടെ നസീറിന്റെ സഹതടവുകാരനായിരുന്ന ഫിറോസുമായി മൂന്നു പേർക്കും അടുത്ത ബന്ധമെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. തീവ്രവാദ കേസിൽ ജയിലിൽ കിടന്ന ഇയാളുമായി സഹകരിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങളും വിഡിയോകളും പുറത്തു വന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പച്ചക്കറി വിതരണത്തിലുമാണു ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം ഇയാൾ പങ്കെടുത്തത്. സംഘടനയിലേയ്ക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഇയാളെ അകറ്റി നിർത്തുന്നതിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തലാണു നടപടിയിലേക്കു നയിച്ചത്.

ജില്ലയിൽ കളമശേരി, തൃക്കാക്കര പ്രദേശത്ത് ഗുണ്ടാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്, എൻഐഎ ജീവപര്യന്തം ശിക്ഷിച്ച ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നാണ് ആരോപണം. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവിന്റെ അനുയായിയാണത്രെ ഇദ്ദേഹം. പ്രദേശത്തെ ഭൂമി പ്രശ്നങ്ങളിൽ ഇടനിലക്കാരനാണ്. ഡിവൈഎഫ്ഐ ബന്ധം ഉപയോഗിച്ചു ഗുണ്ടാപ്പിരിവു നടത്തുന്നു. ഇവരുടെ സംഘത്തിന് പൊലീസിൽ അടുത്ത ബന്ധമുണ്ടെന്നും ഇതുപയോഗിച്ചു ഭൂമി നികത്തൽ ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നതായും പരാതിയുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ എന്ന വ്യാജേന ഫിറോസും സംഘവും നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തമില്ലെന്നു കാണിച്ചു ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവന ഇറക്കിയിരുന്നു. ഡിവൈഎഫ്ഐയുടെ അംഗീകാരം മുതലെടുത്ത് സമൂഹത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഇതുമായി മുന്നോട്ടു പോയാൽ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സലാവുദീൻ ഉൾപ്പെടെയുള്ളവർ നേരത്തേ പുറത്തുവിട്ട പ്രസ്താവന. 

English Summary: DYFI take action against leaders for contact with extremists in Kalamassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com