‘താലിബാന് മുന്നിൽ തല കുനിക്കില്ല’; രാജ്യം വിടില്ല, പോരാട്ടമെന്ന് വൈസ് പ്രസിഡന്റ്
Mail This Article
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെങ്കിലും കീഴടങ്ങില്ലെന്നു വ്യക്തമാക്കി വൈസ് പ്രസിഡന്റ് അമറുല്ല സലെ. താലിബാൻ കാബൂളിൽ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമറുല്ല സലെയുടെ പ്രസ്താവന വരുന്നത്. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ലെന്ന് അമറുല്ല സലെ പറയുന്നു.
‘താലിബാനു മുന്നിൽ തല കുനിക്കേണ്ട സാഹചര്യം എനിക്കൊരിക്കലുമില്ല. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല. എന്റെ ഹീറോ, കമാൻഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ല. എന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ല. താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും’– ട്വിറ്ററിൽ അമറുല്ല സലെ വ്യക്തമാക്കി.
ഒളിവിൽ പോകുന്നതിനു മുൻപാണു സലെ ട്വീറ്റ് ചെയ്തെന്നു വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. താലിബാൻ വിരുദ്ധ പോരാളിയായ അഹമ്മദ് ഷാ മസൂദിന്റെ മകനും സലെയും ചേർന്നു പഞ്ജ്ഷിർ പ്രവിശ്യയിൽ ഗറില്ല ആക്രമണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ‘പഞ്ജ്ഷിറിലേക്കു പ്രവേശിക്കാൻ താലിബാനെ ഞങ്ങൾ അനുവദിക്കില്ല. സർവശക്തിയുമെടുത്തു പ്രതിരോധിക്കും’– പ്രദേശവാസി പറഞ്ഞു. അനാഥനായിരുന്ന സലെ, തന്റെ ചെറുപ്പത്തിൽ, തൊണ്ണൂറുകളിൽ ഗറില്ല കമാൻഡർ മസൂദിനൊപ്പം പോരാട്ടത്തിലേർപ്പെട്ടിരുന്നു.
അതേസമയം, അഫ്ഗാൻ സെൻട്രൽ ബാങ്ക് മേധാവി അജ്മൽ അഹ്മ്മദി കാബൂൾ വിട്ടു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു ഗനിയെയും അദ്ദേഹത്തിന്റെ പരിചയസമ്പന്നരല്ലാത്ത ഉപദേശകരെയും വിമർശിച്ചാണു നാടുവിട്ടത്. അഫ്ഗാൻ സുരക്ഷാസേനയുടെ ആത്മാർഥതയെയും ചോദ്യം ചെയ്തു. ‘ഞായറാഴ്ച ജോലി തുടങ്ങിയപ്പോൾ മുതൽ ആശങ്ക കൂടിക്കൊണ്ടിരുന്നു. സഹപ്രവർത്തകരെയും ബാങ്കിനെയും ഉപേക്ഷിച്ചു ഞാൻ പുറത്തുകടന്നു. ഇങ്ങനെ അവസാനിപ്പിക്കണം എന്നായിരുന്നില്ല ചിന്തിച്ചിരുന്നത്. അഫ്ഗാൻ നേതൃത്വത്തിനു യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ല’– അജ്മൽ അഹ്മ്മദിയുടെ ട്വീറ്റ് ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
English Summary: "Will Never Bow To Taliban": Afghan Ex-Vice President Vows New Fight