ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ പിടികൂടി തടവിലാക്കണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് തജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസി. പൊതുസ്വത്ത് മോഷ്ടിച്ചതിന് ഗനിക്കും മറ്റു രണ്ടു പേർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യമെന്ന് ഒരു അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘മാനുഷിക പരിഗണന’ വച്ച് അഷ്റഫ് ഗനിക്ക് അഭയം നൽകിയതായി ബുധനാഴ്ച യുഎഇയിൽ അറിയിച്ചിരുന്നു. ഓഗസ്റ്റ് 15നാണ് ഗനി അഫ്ഗാനിസ്ഥാൻ വിട്ടത്. താലിബാൻ കാബൂളിലെത്തിയതിന് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ ‘രക്ഷപ്പെടൽ’.

നാലു കാറുകളിലും ഒരു ഹെലികോപ്റ്ററിലും നിറയെ പണവുമായാണു ഗനി പോയതെന്നാണ് റിപ്പോർട്ടുകൾ. ഗനിക്കു പുറമേ ഹമദല്ലാ മൊഹിബ്, ഫസൽ മഹമൂദ് ഫസ്‍ലി എന്നിവർക്കെതിരെയും നടപടിയെടുക്കണമെന്ന് അഫ്ഗാൻ എംബസി ആവശ്യപ്പെട്ടു. ഇവർ കൊണ്ടുപോയ പണം അഫ്ഗാനിസ്ഥാനു തിരികെ ലഭിക്കേണ്ടതാണെന്നു വ്യക്തമാക്കിയതായും അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുൻപ് രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ഹമദല്ലാ മൊഹിബ്.

അഫ്ഗാൻ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ തലവനായിരുന്നു ഫസൽ മഹമൂദ് ഫസ്‍ലി. ഗനി രാജ്യം വിട്ടതിനു പിന്നാലെ അദ്ദേഹം വഞ്ചിച്ചെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ എംബസി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. എന്നാൽ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടതായി എംബസി പ്രസ് സെക്രട്ടറി അബ്ദുൽഹഖ് ആസാദ് പിന്നിടു വ്യക്തമാക്കി. ജനങ്ങളെ ഉപേക്ഷിച്ച് അഫ്ഗാനിൽനിന്നു രക്ഷപ്പെട്ട അഷ്റഫ് ഗനിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണു രാജ്യം വിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

English Summary: 'Detain Ghani': Afghan embassy in Tajikistan 'urges' Interpol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com