ADVERTISEMENT

കാബൂൾ∙ ‘രാജ്യങ്ങള്‍ നിയമവാഴ്ചയയെയാണ് ബഹുമാനിക്കേണ്ടത്, അല്ലാതെ ഹിംസയെയല്ല. പാക്കിസ്ഥാനു വിഴുങ്ങാൻ പറ്റുന്നതിനേക്കാൾ വളരെ വലുതാണ് അഫ്ഗാനിസ്ഥാൻ. താലിബാന് ഭരിക്കാൻ സാധിക്കുന്നതിലും വലുത്. നിങ്ങളുടെ ചരിത്രത്തിൽ നാണക്കേടിന്റെ ഈ ഏട് ഉണ്ടാകരുത്, ഭീകരസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കരുത്.’– അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചിട്ടും പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോഴും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ എത്തും മുൻപ് മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയപ്പോൾ വൈസ് പ്രസിഡന്റ് അഫ്ഗാൻ വിട്ടില്ല. താലിബാന് മുന്നിൽ ഇപ്പോഴും കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലാണ് സാലിഹ് ഇപ്പോഴുള്ളത്. 34 പ്രവിശ്യകളിൽ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യയും പാഞ്ച്ശീറാണ്.

താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ ജന്മനാടു കൂടിയാണിത്. മറ്റൊരു റിപ്പോർട്ടും കൂടി ഇവിടെനിന്നു പുറത്തുവരുന്നുണ്ട്, സാലിഹിന്റെ ആഹ്വാനം അനുസരിച്ച് അഫ്ഗാനിസ്ഥാൻ സൈനികർ പാഞ്ച്ശീറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് സൈനികരുടെ പിൻമാറ്റത്തോടെ താലിബാൻ അഫ്ഗാനിസ്ഥനിലാകെ പടര്‍ന്നുകയറിയപ്പോൾ അഫ്ഗാൻ ജനതയ്ക്കു പ്രതീക്ഷയുടെ ഇത്തിരിവെട്ടമാണ് ഇനിയും കീഴടങ്ങാത്ത പാഞ്ച്ശീറും അമറുല്ല സാലിഹും. 

താലിബാനെതിരെ ഇപ്പോഴും പ്രതിരോധം നടത്തുകയാണ് സാലിഹ്. അഫ്ഗാനിസ്ഥാൻ ദേശീയ പതാകയുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് മൂന്ന് പേരെയാണു കഴിഞ്ഞ ദിവസം താലിബാന്‍ വെടിവച്ചുകൊന്നത്. ദേശീയ പതാകയുമായി രാജ്യത്തിന്റെ മഹത്വത്തിനൊപ്പം നിന്നവർക്ക് ആദരമർപ്പിക്കുന്നതായി സാലിഹ് പിന്നീടു പ്രതികരിച്ചു. ട്വിറ്റർ വഴിയാണ് കെയർ ടേക്കർ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതായി അദ്ദേഹം അറിയിച്ചത്. നിലവിലെ പ്രസി‍ഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റിന് ചുമതലയേറ്റെടുക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണു അമറുല്ല സാലിഹിന്റെ വാദം.

Demonstrators hold a flag of Afghanistan as they protest over Taliban takeover of Afghanistan in Brussels on August 18, 2021. (Photo by JOHN THYS / AFP)
Demonstrators hold a flag of Afghanistan as they protest over Taliban takeover of Afghanistan in Brussels on August 18, 2021. (Photo by JOHN THYS / AFP)

ചാരൻ മുതല്‍ വൈസ് പ്രസിഡന്റ് വരെ

1972 ഒക്ടോബറിൽ പാഞ്ച്ശീറിലെ തജിക് കുടുംബത്തിലാണ് അമറുല്ലയുടെ ജനനം. ചെറുപ്രായത്തിൽതന്നെ അനാഥനായ അമറുല്ലയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് അഫ്ഗാനി രാഷ്ട്രീയ നേതാവും മിലിറ്ററി കമാൻഡറുമായ അഹമ്മദ് ഷാ മസൂദിനൊപ്പം ചേർന്നതോടെയാണ്. താലിബാന്റെ ക്രൂരതയുടെ ഇരയാണ് അമറുല്ലയുടെ സഹോദരി. 1996ൽ താലിബാൻ അംഗങ്ങൾ അമറുല്ലയുടെ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. താലിബാനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത് 96ൽ നടന്ന ഈ സംഭവമാണെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. താലിബാനെതിരെ വടക്കൻ സഖ്യത്തിന്റെ ഭാഗമായി അമറുല്ല സാലിഹ് പൊരുതി. 1997 മുതൽ തജികിസ്ഥാനിലെ എംബസിയിൽ ജോലി ചെയ്തു. താലിബാനെതിരെ സിഐഎയ്ക്കു വേണ്ടിയും യുണൈറ്റഡ് ഫ്രണ്ടിനു വേണ്ടിയും പ്രവർത്തിച്ചു. താലിബാന്റെ തകർച്ചയ്ക്കു ശേഷം സർക്കാരുകൾക്കു വേണ്ടി വിവിധ ചുമതലകളിലും പ്രവർത്തിച്ചു.

2004 അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷനൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ തലവനായി നിയമിതനായി. ഇക്കാലയളവിലെല്ലാം താലിബാന്റെ വിവരങ്ങളും രഹസ്യങ്ങളും ചോർത്തിയെടുക്കാൻ ശേഷിയുള്ള ഒരു ശൃംഖലയെതന്നെ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ സൃഷ്ടിച്ചിരുന്നു. താലിബാനെ പിന്തുണയ്ക്കുന്ന മറ്റ് ഭീകര സംഘടനകളെ തേടിയും അമറുല്ലയുടെ ചാരക്കണ്ണുകൾ എത്തി. ഭീകരസംഘടനകൾക്കു പാക്കിസ്ഥാൻ സൈന്യമുൾപ്പെടെ സഹായങ്ങൾ നൽകിയതിനാൽ കടുത്ത പാക്ക് വിരുദ്ധതയാണ് അദ്ദേഹം വച്ചുപുലർത്തിയത്. ഒസാമ ബിൻ ലാദൻ പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനോടു ഒരു യോഗത്തിൽവച്ച് അമറുല്ല തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പേരിൽ യോഗത്തിൽനിന്നു മുഷറഫ് ഇറങ്ങിപ്പോയി.

AFGHANISTAN-CONFLICT

അമറുല്ലയുടെ ചാരന്മാർ താലിബാനിൽ നുഴഞ്ഞുകയറി അവരിൽനിന്ന് ഒരോ ചെറിയ വിവരം പോലും ചോര്‍ത്തിയെടുത്തിരുന്നു. നേതാക്കൾ, കമാൻഡർമാർ, കുടുംബങ്ങൾ, വീട്, തുടങ്ങി നേതാക്കളുടെ വരുമാനം വരെ അമറുല്ലയുടെ പക്കലുണ്ടായിരുന്നു. 2010ൽ സർക്കാരിനെതിരായ ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അമറുല്ല, ഇന്റലിജൻസ് ഏജൻസിയുടെ മേധാവി സ്ഥാനം ഒഴിഞ്ഞു. പ്രസിഡന്റ് ഹമീദ് കർസായിയുടെ കടുത്ത വിമർശകനായ അമറുല്ലയെയാണു പിന്നീടു കണ്ടത്. ബസേജ് ഇ–മില്ലി എന്ന സംഘടന രൂപീകരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. പിന്നീട് അഷ്റഫ് ഗനിയോടൊപ്പം ചേർന്നു. 2014ല്‍ ഗനി ആദ്യം അധികാരത്തിലെത്തിയപ്പോൾ അമറുല്ലയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചു. അടുത്ത തവണയും ഗനി അധികാരത്തിലെത്തിയപ്പോൾ ഫസ്റ്റ് വൈസ് പ്രസിഡന്റ് ചുമതല അമറുല്ലയെ തേടിയെത്തി.

പാഞ്ച്ശീറിൽനിന്ന് രാഷ്ട്രീയം തുടങ്ങിയ അമറുല്ല താലിബാൻ അധികാരത്തിലെത്തിയതോടെ വീണ്ടും പാഞ്ച്ശീറിലേക്കു തന്നെ ചുരുങ്ങിയിരിക്കുകയാണ്. സർവപ്രതീക്ഷകളും നഷ്ടമായാണ് അഫ്ഗാൻ ജനത നിൽക്കുന്നത്. വെടിയൊച്ചകളും നിലവിളികളും മാത്രം കേൾക്കുന്ന അഫ്ഗാനിൽനിന്ന് ഓടിയൊളിക്കാനാണ് എല്ലാവരുടേയും ശ്രമം. താലിബാനു മുന്നിൽ അഫ്ഗാൻ സൈന്യം തന്നെ ആയുധം വച്ചു കീഴടങ്ങിയിട്ടും അമറുല്ല കീഴടങ്ങിയില്ല. ജയിക്കുമെന്നുറപ്പില്ലെങ്കിലും അയാൾ എതിർത്തുനിൽക്കുകയാണ്.

English Summary: From spy to political leader: Amrullah Saleh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com