ADVERTISEMENT

മുംബൈ ∙ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് മുന്‍ ഓഫിസര്‍ സച്ചിന്‍ വാസെയ്‌ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തിനു പിന്നാലെ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ മൃതദേഹം കടലിടുക്കില്‍ കണ്ടെത്തിയ കേസിലും പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസില്‍ തന്റെ സ്വാധീനം വര്‍ധിപ്പിക്കാനാണ് സച്ചിൻ വാസെ പദ്ധതി ആസൂത്രണം ചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

മുകേഷ് അംബാനിയുടെ വീടായ ആന്റിലിയയ്ക്കു സമീപം ജലറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം ഭീഷണിക്കത്തുമായി ഉപേക്ഷിച്ച പദ്ധതി ആസൂത്രണം ചെയ്തത് സച്ചിന്‍ വാസെയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹിരണിനെ വാസെ നിര്‍ബന്ധിച്ചു. എന്നാല്‍ ഹിരണ്‍ നിരസിച്ചതോടെ സുനില്‍ മാനെയുമായി ചേര്‍ന്ന് അദ്ദേഹത്തെ വകവരുത്താന്‍ സച്ചിന്‍ ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തി.

മാനെ, ഹിരണിനെ തട്ടിക്കൊണ്ടുപോയി സന്തോഷ് ഷെലാര്‍, ആനന്ദ് യാദവ്, സതീഷ് മൊത്കുരി, മനീഷ് സോണി എന്നിവര്‍ക്കു കൈമാറിയെന്നും അവര്‍ അദ്ദേഹത്തെ കൊന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സച്ചിന്‍ ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. മുംബൈ പൊലീസില്‍നിന്നു പുറത്താക്കപ്പെട്ട സച്ചിന്‍, സഹായിയായ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് പ്രദീപ് ശര്‍മ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റമാണു ചുമത്തിയത്.

അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിനെക്കുറിച്ച് ആദ്യം അന്വേഷിച്ച സച്ചിന്‍, സംഭവത്തിനു പിന്നില്‍ ജയ്ഷ് ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയാണെന്നാണു പ്രഖ്യാപിച്ചത്. വാഹനം മോഷണം പോയെന്ന് വ്യവസായിയായ മന്‍സുഖ് ഹിരണിനെക്കൊണ്ടു പരാതി കൊടുപ്പിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു തിരിച്ചറിഞ്ഞതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹിരണിനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ഹിരണ്‍ നിരസിച്ചതോടെ ഒളിവില്‍ പോകാന്‍ സച്ചിൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സുനില്‍ മാനെ ഹിരണിനെ പിടികൂടി വകവരുത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം കടലിടുക്കില്‍നിന്നു കണ്ടെത്തുകയായിരുന്നു. ഹിരണിന്റെ മരണത്തിനു പിന്നില്‍ സച്ചിൻ വാസെ ആണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചതോടെയാണ് അന്വേഷണം ആ വഴിക്കു തിരിഞ്ഞത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ, 200 സാക്ഷികളെ വിസ്തരിച്ച് 10,000 പേജുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചിരിക്കുന്നത്.

English Summary: Sachin Vaze Planted Explosives Outside Antilia; Plotted To Murder Mansukh Hiren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com