ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം തുടരാൻ ഉറച്ചു കർഷകർ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വിളിച്ചു ചേർത്ത മഹാപഞ്ചായത്തിലാണ് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്നു കർഷകർ വീണ്ടും പ്രഖ്യാപിച്ചത്. പതിനായിരക്കണക്കിനു കർഷകരാണു സമ്മേളനത്തിൽ പങ്കെടുത്തത്. 

‘പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതു വളരെക്കുറച്ചു കർഷകർ മാത്രമാണെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. ഇവിടേക്കു വന്നാൽ അവർക്കു കാണാം എത്ര കർഷകർ സമര രംഗത്തുണ്ടെന്ന്. നമ്മുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങട്ടെ, പാർലമെന്റിൽ ഇരിക്കുന്ന ജന പ്രതിനിധികളുടെ ചെവികളിൽ‌ വരെ അതു ചെന്നെത്തെട്ടെ.’ – വേദിയിൽ പ്രസംഗിച്ച നേതാക്കൾ ആവർത്തിച്ചു.

മഹാപഞ്ചായത്ത് നടക്കുന്ന നഗരിയിൽ ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും അധികാരികൾ അനുമതി നൽകിയില്ലെന്നു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരി ട്വീറ്റ് ചെയ്തു.  ഹാപൂർ, അലീഗഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണു കർഷകർ സമ്മേളന വേദിയിലെത്തിയിട്ടുണ്ടെന്നു സംഘാടകർ ദേശീയ മാധ്യമത്തോടു പറഞ്ഞു. 9 മാസം പിന്നീട്ട സമര പരിപാടികൾക്കിടെ, ഏറ്റവും അധികം കർഷകർ എത്തിയത് ഈ സമരവേദിയിലാണെന്നും സംഘാടകർ പറഞ്ഞു.

സമ്മേളന വേദിയിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം സമൂഹത്തിലെ എല്ലാ ജാതി, മത, വിഭാഗത്തിൽപ്പെട്ടവരും കർഷകർക്കു പിന്തുണ നൽകുന്നതായി തെളിയിക്കുന്നുവെന്നു 40 കർഷക യൂണിയനുകളെ ചേർത്തു നിൽത്തുകയും സമരത്തിനു നേതൃത്വം നൽകുകയും ചെയ്യുന്ന സംയുക്ത കിസാൻ മോർച്ച പറഞ്ഞു. 

farmerprotest
ചിത്രം– ട്വിറ്റർ.

‘സെപ്റ്റംബർ 5ലെ മഹാ പഞ്ചായത്ത് യോഗി– മോദി സർക്കാരുകൾക്ക് കർഷകരുടെയും തൊഴിലാളികളുടെയും ശക്തി മനസ്സിലാക്കിക്കൊടുക്കും. അവർ ഇതു കാണുന്നുണ്ടോ?’– കർഷക യൂണിയൻ നേതാക്കളുടെ വാക്കുകൾ. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത കർഷകർക്കെതിരയുള്ള കേസുകൾ ഈ മാസം 8നുള്ളിൽ പിൻവലിക്കണമെന്നു പഞ്ചാബ് സംസ്ഥാന സർക്കാരിനോടു 32 കർഷക യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചാണെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധം തീർക്കുമെന്നും കർഷക യൂണിയനുകൾ അറിയിച്ചു. 

English Summary: Farmers Resolve To Continue Protest At Mega Gathering In UP's Muzaffarnagar

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com