ADVERTISEMENT

തിരുവനന്തപുരം ∙ ഇടതു സംഘടനയില്‍പ്പെട്ടവരെ പാടെ ഒഴിവാക്കി വൈദ്യുതി ബോര്‍ഡ് തലപ്പത്ത് വന്‍ അഴിച്ചുപണി. രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ ചീഫ് എന്‍ജിനീയര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തലത്തിലാണു സുപ്രധാന മാറ്റങ്ങള്‍. പകരം ചുമതലയില്‍ എത്തിയവര്‍ നിഷ്പക്ഷരോ കോണ്‍ഗ്രസ് അനുകൂല സംഘടനകളിലുള്ളവരോ ആണ്. തിരക്കിട്ടുള്ള മാറ്റത്തിനെതിരെ ഇടതു സംഘടനകള്‍ പാര്‍ട്ടി നേതൃതലത്തില്‍ അതൃപ്തി അറിയിച്ചു.

ഇടതനുകൂല കെഎസ്ഇബി ഒാഫിസേഴ്സ് അസോസിയേഷനില്‍ ഉള്‍പ്പെട്ടവര്‍ക്കാണു കാതലായ മാറ്റം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും വ്യാപകമാറ്റം ഉണ്ടായിട്ടില്ലെന്നു മുൻ നേതാക്കള്‍ പറയുന്നു. മാനവവിഭവശേഷി വിഭാഗം (എച്ച്ആർഎം) പാടേ അഴിച്ചുപണിതു. എച്ച്ആര്‍എം ചുമതലയുണ്ടായിരുന്ന ഡയറക്ടര്‍ പി.കുമാരനു പകരം വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍തന്നെ ചുമതല ഏറ്റെടുത്തു.

സ്ഥലംമാറ്റങ്ങളുടെയും നിയമനങ്ങളുടെയും ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്ന ചീഫ് എന്‍ജിനീയര്‍ എസ്.പ്രസന്നകുമാരിയെ മാറ്റി പകരം പി.കെ.ശ്രീകുമാറിനെ നിയമിച്ചു. എച്ച്ആര്‍എം വിഭാഗത്തിലെതന്നെ ഡപ്യൂട്ടി ചീഫ് എന്‍ജിനീയറും വൈദ്യുതി ബോര്‍ഡ് മുന്‍ പിആര്‍ഒയുമായ ജി.ശ്രീനിവാസനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി. പകരം പി.കെ.പ്രേംകുമാറിനാണു ചുമതല. ചെയര്‍മാന്റെ ടെക്നിക്കല്‍ അസിസ്റ്റന്റായ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജെ.അനിലിനെ മാറ്റി പകരം കെ.ജി.പി. നമ്പൂതിരിയെ നിയോഗിച്ചു. ഡയറക്ടര്‍മാരായി നിയോഗിച്ച രാജന്‍ ജോസഫ്, എസ്.രാജ്കുമാര്‍ എന്നിവരും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരാണ്.

KSEB
വൈദ്യുതി ഭവൻ മന്ദിരം.

എച്ച്ആര്‍എമ്മിന്റെ തലപ്പത്തു വന്നവരെല്ലാം താരിഫ് റഗുലേറ്ററി അഫയേഴ്സ് സെല്ലില്‍ നിന്നുള്ളവരാണ് എന്നതാണു മറ്റൊരു സവിശേഷത. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ സ്വകാര്യവല്‍ക്കരണ അനുകൂല തീരുമാനങ്ങളെ ഇടതു സംഘടനകള്‍ പരസ്യമായി എതിര്‍ത്തിരുന്നു. താരിഫ് നയത്തിന്റെ കരടില്‍ ഈ മാസം 15ന് തെളിവെടുക്കാനിരിക്കെയാണു തന്ത്രപ്രധാന ചുമതലകളിലെ മാറ്റം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതു സംഘടനകള്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉള്‍പ്പെടെയുള്ള നേതാക്കളെ സമീപിച്ചിട്ടുണ്ട്. 

English Summary: Left fraction shocked after KSEB revamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com