‘ഗുജറാത്ത് സർക്കാർ പ്രവർത്തിക്കുന്നത് ഡൽഹിയിലെ റിമോട്ട് കൺട്രോള്‍ വഴി’
Mail This Article
ന്യൂഡൽഹി∙ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ വിജയ് രൂപാണിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിന്റെ പരാജയം മറയ്ക്കാനുമുള്ള ശ്രമമാണ് ഇതെന്നു കോൺഗ്രസ് ആരോപിച്ചു.
‘വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ, സംസ്ഥാനം ഭരിക്കുന്നതിൽ ബിജെപി പൂർണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജന്റെ അഭാവം മൂലം, സംസ്ഥാനത്തെ ശ്മശാനങ്ങളിൽ നിന്നുള്ള ഭയാനകമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിലൂടെ ഗുജറാത്തിന്റെ പ്രതിച്ഛായ മോശമായി.
തൊഴിലില്ലായ്മ, വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി, വ്യവസായങ്ങൾ അടച്ചുപൂട്ടൽ എന്നിവ സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഡൽഹിയിലെ റിമോട്ട് കൺട്രോള്‍ വഴി പ്രവർത്തിക്കുന്ന ഗുജറാത്ത് സർക്കാർ എത്രനാൾ പരാജയം മറച്ചുവയ്ക്കും.’– ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഹാർദിക് പട്ടേൽ ചോദിച്ചു.
സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയയോ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലോ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ട്.
English Summary: Gujarat Run From Delhi Via Remote Control: Congress On Vijay Rupani Exit