ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിൽ മുഖ്യമന്ത്രിയാകും; അപ്രതീക്ഷിത നീക്കവുമായി ബിജെപി
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ ഭൂപേന്ദ്രിനെ നേതാവായി തിരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേരു നിർദേശിച്ചത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം.
ഗഡ്‌ലോദിയ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ. നിയമസഭ തിരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ടിരുന്നത്.
എന്നാൽ ഇവരെയെല്ലാം തള്ളിയാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി വിജയ് രുപാണി പ്രഖ്യാപിച്ചത്. കാലാവധി തികയ്ക്കാതെ ഈ വർഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണു രുപാണി.
English Summary :BJP picks Bhupendra Patel as Gujarat's new Chief Minister