തിരഞ്ഞെടുപ്പ് അടുത്തു, ബിജെപിക്ക് ‘പട്ടേൽ’പ്രീതി വേണം; എന്തുകൊണ്ട് ഭൂപേന്ദ്ര?
Mail This Article
അഹമ്മദാബാദ്∙ പട്ടികയിലുണ്ടായിരുന്ന പ്രമുഖരെയെല്ലാം തള്ളിയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി 59 വയസ്സുകാരനായ ഭൂപേന്ദ്ര പട്ടേൽ സ്ഥാനമേൽക്കുന്നത്. ആദ്യമായി നിയമസഭാംഗമായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ ബിജെപി എന്താണ് ലക്ഷ്യമാക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആരാണ് ഭൂപേന്ദ്ര പട്ടേൽ?
2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശികാന്ത പട്ടേലിനെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ഭൂപേന്ദ്ര നിയമസഭയിലെത്തുന്നത്. യുപി ഗവർണറും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭുപേന്ദ്ര പട്ടേൽ. ആനന്ദിബെന്നിന്റെ മണ്ഡലമായിരുന്ന ഗഡ്‌ലോദിയയിൽനിന്നാണ് ഭൂപേന്ദ്ര നിയമസഭയിലെത്തിയത്.
അഹമ്മദാബാദ് നഗരവികസന വകുപ്പിന്റെ മുൻ ചെയർമാനായ പട്ടേൽ അംദാവാദ് മുൻസിപ്പൽ കോർപറേഷന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായിരുന്നു. അഹമ്മദാബാദിലെ സർക്കാർ പോളിടെക്നിക് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ് ഡിപ്ലോമ നേടി. അഞ്ചു കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് 2017ലെ തിരഞ്ഞെടുപ്പ് രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളത്.
പാട്ടീദാർ അഥവാ പട്ടേൽ സമുദായത്തിലെ അംഗമാണ് എന്നതാണ് മുൻപരിചയമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ ഭൂപേന്ദ്രയ്ക്ക് വളമായത്. നിയമസഭ തിരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിനിൽക്കെ ബിജെപി കേന്ദ്ര നേതൃത്വം എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഇതിലൂടെ വ്യക്തം.
‘പട്ടേൽ’ പ്രീതി വേണം, തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ...
വിജയ് രൂപാണി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ പട്ടേൽ വിഭാഗത്തിൽപ്പെട്ട ഒരാൾ ആ സ്ഥാനത്ത് എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഗുജറാത്തിലെ വളരെ പ്രബലമായ വിഭാഗമാണ് പട്ടേൽ സമുദായം. സംസ്ഥാനത്തിന്റെ സഹകരണ–വിദ്യാഭ്യാസ–നിർമാണ മേഖലകൾ മിക്കതും പട്ടേൽ വിഭാഗത്തിന്റെ അധീനതയിലാണ്. സംസ്ഥാനത്തു രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും കൂടുതൽ സ്വാധീനമുള്ള, ഗുജറാത്തിലുടനീളം പടർന്നു കിടക്കുന്ന വിഭാഗം.
1970വരെ സംസ്ഥാനത്തിന്റെ അധികാരം കയ്യാളിയ ഇവർ അന്ന് കോണ്‍ഗ്രസിനെയാണു പിന്തുണച്ചിരുന്നത്. എന്നാൽ 1980ൽ കോൺഗ്രസിനെ വിട്ട് ബിജപിയോടൊപ്പം ചേർന്നു. 182 നിയമസഭ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 70ൽ അധികം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കാൻ ഇവർക്കു കഴിയുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ 15 ശതമാനമോ അതിൽ കൂടുതലോ വോട്ടർമാർ പട്ടേൽ സമുദായക്കാരാണ്.
ആറു കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ ഏകദേശം 12–14 ശതമാനം പട്ടേൽ സമുദായക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വോട്ട് വിഹിതം പരിശോധിച്ചാൽ അതിൽ നാലിൽ ഒന്നും പട്ടേൽ വിഭാഗത്തിൽനിന്നാണ്. 2012–ലെ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കു ലഭിച്ച 48 ശതമാനം വോട്ടുവിഹിതത്തിൽ 11 ശതമാനവും പട്ടേൽ സമുദായത്തിൽനിന്നാണ്.
ഗുജറാത്തിൽ പ്രബലമായ പട്ടേൽ വിഭാഗം അടുത്തിടെയായി അവഗണിക്കപ്പെടുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതു പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഈ നീക്കമെന്നാണു വിലയിരുത്തൽ. നേരത്തേ കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതിൽ സഹായിച്ചിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിയിലും അടുത്തിടെ കേന്ദ്ര മന്ത്രിസഭാ വികസനത്തിലും പട്ടേൽ വിഭാഗത്തിനു വലിയ പരിഗണന നൽകിയിട്ടുണ്ട്. ഇന്നലെത്തന്നെ, രാജിക്കുമുൻപു രുപാണി പങ്കെടുത്ത ചടങ്ങിൽ പട്ടേൽ വിഭാഗക്കാരുടെ സർദാർ ധാം ഭവന്റെ ഭൂമി പൂജ മോദി നിർവഹിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ തുടങ്ങിയവരാണു പകരം സാധ്യതാപട്ടികയിലുണ്ടായിരുന്നത്. ഭൂപേന്ദ്ര പട്ടേലിന്റെ പേര് വിദൂര സാധ്യതയിൽ പോലും ഉണ്ടായിരുന്നില്ലതാനും. എന്നാൽ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ വിജയ് രൂപാണി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിക്കെ ഒരു ‘പുതുമുഖ’ത്തെ അവതരിപ്പിച്ചു തൽക്കാലം വിമർശകരുടെ വായടപ്പിക്കുക ലക്ഷ്യം വച്ചായിരിക്കാം ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കിയതെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
English Summary : Who Is Bhupendra Patel? Why he is chosen as new Gujarat CM?