കൂടെ പോകാൻ ഒരാൾ പോലുമില്ലെങ്കിൽ അയാൾ മാലിന്യവും ദുർമേദസ്സും തന്നെ: കെ.സുധാകരൻ
Mail This Article
ആലപ്പുഴ ∙ കോൺഗ്രസിൽ 32 വർഷത്തെ പാരമ്പര്യമുള്ളയാൾ സിപിഎമ്മിലേക്കു പോയപ്പോൾ കൂടെ പോകാൻ ഒരാൾ പോലുമില്ലെങ്കിൽ അയാൾ മാലിന്യവും ദുർമേദസ്സും തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.പി.അനിൽ കുമാർ സിപിഎമ്മിൽ ചേർന്നതിനെപ്പറ്റിയുള്ള കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായ പ്രകടനത്തോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ.
പാർട്ടിയോടു നന്ദികേട് കാട്ടിയ ആളാണത്. ഇത്രയും കാലം താൻ ചവിട്ടിയരച്ച സിപിഎമ്മിന്റെ ഓഫിസിലേക്കാണ് കയറി പോയത്. ബഹിഷ്കരിക്കേണ്ട ജീർണതയാണത്. പാർട്ടിയിൽ സജീവമായതുകൊണ്ടു മാത്രം ബഹുമാന്യത കിട്ടില്ല. ജനവിശ്വാസം ആർജിച്ചില്ലെങ്കിൽ മാലിന്യം തന്നെ. അങ്ങനെയുള്ളവർ കോൺഗ്രസിനു ഭാരമാണ്.
രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടിയില്ലാത്തത് വിശദീകരണം തൃപ്തികരമായതിനാലാണ്. ഉണ്ണിത്താൻ അച്ചടക്ക ലംഘനമോ വ്യക്തിഹത്യയോ നടത്തിയിട്ടില്ല. എന്റെ മുന്നിൽ നീതി മാത്രമേയുള്ളൂ. അത് ഇനിയും പുലർത്തും. പാർട്ടി പുനഃസംഘടനയ്ക്കു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അത് എല്ലാതലത്തിലും ബാധകമായിരിക്കും.
ആൾക്കൂട്ട കമ്മിറ്റികളെ കാര്യക്ഷമതയുള്ളവയാക്കുന്നത് വലിയ മാറ്റമാണ്. അതിന്റെ തുടക്കമാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ. ഭാരവാഹിത്വം മാത്രമല്ല കാര്യം. പ്രവർത്തിക്കാൻ മനസ്സുള്ളവർക്ക് പാർട്ടിയിൽ ഒട്ടേറെ അവസരങ്ങളുണ്ട്. പ്രവർത്തന രൂപരേഖ എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. അതു മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും ബോധ്യപ്പെടുത്തിയിട്ടേ ക്രിയാത്മക തലത്തിലേക്കു പോകാനാകൂ.
നാലഞ്ചു ജില്ലകളിൽ കൂടി ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പാർട്ടി, പോഷക സംഘടനാ ഭാരവാഹികളുടെ യോഗത്തിന് എത്തിയതായിരുന്നു സുധാകരൻ. രാവിലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ സന്ദർശിച്ചു ചർച്ച നടത്തി.
English Summary: K Sudhakaran against KP Anilkumar