ADVERTISEMENT

ബർലിൻ ∙ ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു പാർലമെന്റാണ് ജർമനിയിൽ. ആകെയുള്ള 735 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 368 സീറ്റുവേണം. പക്ഷേ ഏറ്റവും കൂടുതൽ സീറ്റു നേടിയ സോഷ്യൽ ഡെമോക്രാറ്റ‌‌ിക് പാർട്ടിക്ക് 206 സീറ്റ‌് മാത്രമാണുള്ളത്, നായകൻ ഒലാഫ് ഷോൾസ്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്ത്യൻ ഡെമോക്രാറ്റ‌ിക് യൂണിയൻ– ക്രിസ്ത്യൻ സോഷ്യൽ യൂണിയനുള്ളത് 196 സീറ്റും, നായകൻ ആർമിൻ ലാഷെറ്റ്.

മറ്റു കക്ഷികളുടെ പിന്തുണ തേടുകയാണ് ഇവരിപ്പോൾ. മൂന്നാം സ്ഥാനത്തുള്ള ഗ്രീൻസിന് 118 സീറ്റുണ്ട്. പക്ഷേ, ഇവരുടെ മാത്രം പിന്തുണ കിട്ടിയാലും ഒലാഫ് ഷോൽറ്റ്സ‌ിനു ചാൻസലറാകാൻ കഴിയില്ല. 92 സീറ്റുമായി നാലാം സ്ഥാനത്തുള്ള ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയുടെ കൂടി പ‌ിന്തുണയുണ്ടെങ്കിലേ അതു നടക്കൂ. ഈ രണ്ടു പാർട്ടികളുടെ പ‌ിന്തുണ ലഭിച്ചാൽ ആർമിൻ ലാഷെറ്റ‌ിനും ചാൻസലറാകാം.

ആശയപരമായി രണ്ടു ധ്രുവങ്ങളിലാണ് ഗ്രീൻസും ഫ്രീ ഡെമോക്രാറ്റും. ധനികരുടെ നികുതി കൂട്ടി അടിസ്ഥാന വികസനത്തിനു പണം കണ്ടെത്തണം, മിനിമം വേതനം ഉയർത്തണം എന്നെല്ലാം ഗ്രീൻസ് പറയുമ്പോൾ നികുതി കൂട്ടാനേ പാടില്ല എന്ന നിലപാടുകാരാണ് ഫ്രീ ഡെമോക്രാറ്റുകൾ. ഇക്കാര്യത്തിൽ സോഷ്യൽ ഡെമോക്രാറ്റുകളോടാണു ഗ്രീൻസിന് അടുപ്പം. ഫ്രീ ഡെമോക്രാറ്റുകൾക്കട്ടെ ക്രിസ്ത്യൻ ഡെമോക്രാറ്റ‌ിക് യൂണിയനോടും.

വൈരുധ്യമുള്ള ഈ രണ്ടു കൂട്ടരെയും ഒഴിവാക്കി ഒന്നുംരണ്ടും സ്ഥാനക്കാർ ഒന്നിച്ചാലോ? കഴിഞ്ഞ 12 വർഷം അങ്ങനെയാണ് അംഗല മെർക്കൽ ഭരിച്ചത്. ഇത്തവണ ഇതു നടക്കാൻ സാധ്യത വിരളമാണ്. കാരണം ഒലാഫ് ഷോൽറ്റ്സും ആർമിൻ ലാഷെറ്റും കളത്തിലിറങ്ങിയിരിക്കുന്നത് ചാൻസലർ ആകാനാണ്. ജനങ്ങൾക്കാകട്ടെ ഈ രാഷ്ട്രീയക്കളി മടുത്തിരിക്കുന്നു. 

1200-armin-laschet-olaf
ആർമിൻ ലാഷെറ്റ് (Photo by Hendrik Schmidt / POOL / AFP), ഒലാഫ് ഷോൾസ് (ഫയൽ ചിത്രം)

ഗ്രീൻസും ഫ്രീ ഡെമോക്രാറ്റ്സും സോഷ്യൽ ഡെമോക്രാറ്റ്സിനെ പിന്തുണച്ചാൽ അത് ട്രാഫിക് ലൈറ്റാകും. അവരുടെ കൊടി നിറങ്ങൾ അതാണ്– യാഥാക്രമം പച്ച, ഓറഞ്ച്, ചുവപ്പ്. അതല്ല ഇവർ കൊടിനിറം കറുപ്പായ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്കൊപ്പം ചേരുകയാണെങ്കിൽ ജമൈക്കയുടെ ദേശീയ പതാകയുമാകും എന്നാണു ജർമൻ മാധ്യമങ്ങളുടെ വർണവിവരണം.

ഒന്നാം സ്ഥാനത്തുള്ള പാർട്ടിക്കല്ലേ ഭരണം കിട്ടേണ്ടത് എന്നു ന്യായമായും വാദിക്കാം. പക്ഷേ, 1976ലും 1980ലും ഹെൽമുട്ട് ഷുമിറ്റ് ചാൻസലറാകുമ്പോൾ, അദ്ദേഹത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനക്കാരെ പുറത്തിരുത്തിയ പാർട്ടി ഇത്തവണ ഒന്നാംസ്ഥാനത്താണ്. ചരിത്രം ആവർത്തിക്കുന്നത‌് അവർക്ക‌ു പുറത്തിരുന്നു കാണേണ്ടിവരുമോ ?

1200-angela-merkel
ആഞ്ചല മെർക്കൽ(Photo by Michael Kappeler / POOL / AFP)

നിശ്ചിത സമയത്തിനുള്ളിൽ ചാൻസലറെ തിരഞ്ഞെടുക്കണം എന്നൊരു നിയമം ജർമനിയിലില്ല. ചർച്ച നടത്താൻ സമയം ധാരാളം. നിലവിലെ ചാൻസലർ മെർക്കൽ, ചാൻസലറാകുന്നത് ഫലം പ്രഖ്യാപിച്ച് ഏതാണ്ട് ആറു മാസത്തിനു ശേഷമാണ്. ഫലം വന്നത് 2017 സെപ്റ്റംബർ 24ന‌്, ചാൻസലറായത് 2018 മാർച്ച് 14ന‌്. ഇത്തവണയും ചർച്ച നീണ്ടുനീണ്ട‌ു ഡിസംബർ 17 പിന്നിട്ടാൽ മെർക്കൽ ചരിത്രം സൃഷ്ടിക്കും– ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ജർമൻ ചാൻസലർ എന്ന റെക്കോർഡ് അവർ സ്വന്തം പേരിലാക്കും.

English Summary: German coalition talks: What do they reveal about Germany’s future?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com