‘പുനീത് ഇല്ലെന്നത് സങ്കടകരം’; പൊലിഞ്ഞത് 10 ജീവനുകൾ, കണ്ണ് ദാനം ചെയ്യണമെന്ന് കത്ത്
Mail This Article
ബെംഗളൂരു ∙ കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്യുന്ന ആരാധകരുടെ എണ്ണം കൂടുന്നു. ഇതുവരെ 10 പേരാണ് താരത്തിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചതെന്ന് റിപ്പോർട്ടുകൾ. ഇതിൽ ഏഴുപേർ ആത്മഹത്യ ചെയ്യുകയായിരുന്നു.
മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മരണത്തിന് മുൻപു പലതവണ ആവശ്യപ്പെട്ടിരുന്നു. നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.
ഹൃദയാഘാതത്തെ തുടർന്നാണ് പുനീതിന്റെ മരണം. സിനിമാ നടൻ എന്നതിലുപരി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നൽകിയിരുന്നു. പുനീതിന്റെ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയെങ്കിലും തമിഴ്നടൻ വിശാൽ അതേറ്റെടുക്കാൻ തയാറായി. 1,800 കുട്ടികളുടെ പഠനച്ചെലവ് വിശാൽ ഏറ്റെടുത്തു. വിശാലും പുനീതും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.
പുനീതിന്റെ സ്മൃതികുടീരത്തിലേക്ക് താരങ്ങളുടെയും ആരാധകരുടെയും പ്രവാഹമാണ്. സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്മൃതി കുടീരത്തിലെത്തി ആദരമർപ്പിച്ചു. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറുമൊത്തായിരുന്നു സൂര്യ വെള്ളിയാഴ്ച കണ്‌ഠീരവ സ്റ്റുഡിയോയിലെ സമാധി സ്ഥലത്ത് എത്തിയത്. പുനീതിന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും ആ മുഖം മനസ്സിൽനിന്ന് മായില്ലെന്നും സൂര്യ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Puneeth Rajkumar Death: Number of Eye Donors Increase, 10 Fans Die in Karnataka