ADVERTISEMENT

തിരുവനന്തപുരം ∙ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണു പദ്ധതി ഉള്ളത്. 

മൃഗസംരക്ഷണ വകുപ്പിന്റെയും കെപ്‌കോയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ചിക്കൻ വൻ ഹിറ്റായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കാണാനായി, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ സംശുദ്ധമായ കോഴിയിറച്ചിയാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്നത്. ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തു തന്നെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യാനാണു സർക്കാർ ലക്ഷ്യമിടുന്നത്. കേരള ചിക്കൻ പദ്ധതിയുടെ നടത്തിപ്പിനായി, ഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ, കുടുംബശ്രീ ബ്രോയ്‌ലർ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്.

കോൺട്രാക്ട് ഫാമിങ് വഴി ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കോഴിക്കർഷകർക്കു നൽകുന്നു. ഇറച്ചിക്കോഴികൾ ആവുമ്പോൾ കമ്പനി തിരികെ എടുത്ത് കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വിപണനം നടത്തുകയാണ് ചെയ്യുന്നത്. കോഴി കർഷകർക്ക് വളർത്തുകൂലി നൽകിയാണു പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കേരള ചിക്കൻ പദ്ധതിയിലൂടെ 248 കോഴിക്കർഷകർക്ക് ഫാം മാനേജ്മെന്റ് പരിശീലനം നൽകി. 248 ബ്രോയ്‌ലർ ഫാമുകളും 87 കേരള ചിക്കൻ ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴിക്കർഷകർക്കും ഔട്ട്‌ലെറ്റ് ഗുണഭോക്താക്കൾക്കും 6 കോടി രൂപയുടെ വരുമാനം ലഭിച്ചു. പദ്ധതിയുടെ ഭാഗമായി കോഴി കർഷകർക്ക് 4.34 കോടി രൂപയും ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്ക് 4.5 കോടി രൂപയും നൽകാൻ കുടുംബശ്രീക്കു സാധിച്ചു, 335 കുടുംബങ്ങൾക്ക്  ഇതിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കാനായി എന്നും മന്ത്രി പറഞ്ഞു.

കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്ന കുടുംബശ്രീ ബ്രോയ്‌ലർ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് ഇതുവരെ 52 കോടി  രൂപയാണ്. കേരള ചിക്കൻ ഔട്‌ലെറ്റുകളിൽ നിന്നു കോഴി ഇറച്ചി വാങ്ങുന്ന ഒരു ഉപഭോക്താവിന് ഏതു ഫാമിൽ ഉൽപാദിപ്പിച്ച കോഴിയാണു ഇതെന്നു മനസ്സിലാക്കുവാൻ കഴിയുന്ന മാർക്കറ്റിങ് ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്. വിപണി വിലയെക്കാൾ കുറച്ച് ദിവസം ശരാശരി 17,200 കിലോ കോഴിയിറച്ചിയുടെ വിപണനം ഔട‌്‌ലെറ്റുകൾ വഴി നടക്കുന്നുണ്ട്. തിരുവനന്തപുരം കഠിനംകുളത്ത് അത്യാധുനിക സൗകര്യങ്ങളുള്ള മാംസ സംസ്‌കരണശാല ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

English Summary: Kerala Chicken outlets to feature in more districts, says Minister M.V. Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com