വാഹനങ്ങളില്‍ വ്യാജ ഇന്ധന ഉപയോഗം; പരിശോധന ശക്തമാക്കി പൊലീസ്
Mail This Article
കോഴിക്കോട്∙ വാഹനങ്ങളില്‍ വ്യാജ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ കോഴിക്കോട് വടകരയില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. വാഹനങ്ങളില്‍ വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി വ്യാപക പരാതിയാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. മോട്ടോര്‍ വാഹനവകുപ്പിനൊപ്പം പൊലീസും ഭക്ഷ്യവിതരണ വകുപ്പും ഈ പരിശോധനയിലുണ്ട്. പരിശോധന നടത്തിയ ബസുകളില്‍ നിന്ന് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
ബസുകളിലും ദീര്‍ഘ ദൂര ലോറികളിലുമാണ് വ്യാജ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്.അതേസമയം ഇത്തരം ഇന്ധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിക്കുന്നതായി ബസുടമകള്‍ പറയുന്നു. ഇന്ധനം വിതരണം ചെയ്യാനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും ബസ് ഉടമകള്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച് വ്യാജ ഡീസല്‍ നിറച്ച് സര്‍വീസ് നടത്തിയ ബസ് പിടിച്ചെടുത്തിരുന്നു. ഇത്തരം വാഹനങ്ങളില്‍ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിനും തീപിടിത്തം ഉള്‍പ്പടെയുള്ള അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
English Summary: Use of counterfeit fuel in vehicles