മുട്ടയ്ക്ക് പിങ്ക് നിറം, പാത്രത്തിൽ ഒളിച്ചിരിക്കുന്ന ഫംഗസ്; തുടർക്കഥയായി ഭക്ഷ്യവിഷബാധ
Mail This Article
കോഴിക്കോട് ∙ ഒരു മാസത്തിനിടെ ജില്ലയിൽ മൂന്നാംതവണയും ഭക്ഷ്യവിഷബാധ; ആശങ്കയോടെ ജനങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പും. കഴിഞ്ഞദിവസം നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിനു തൊട്ടുപിറകെയാണ് തിങ്കളാഴ്ച വടകരയിലും ഭക്ഷ്യവിഷബാധയുണ്ടായത്. ഇരുസ്ഥലത്തും വിവാഹവീട്ടിലെ ഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിഗമനം.
രണ്ടാഴ്ച മുൻപാണ് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞയാഴ്ച പയ്യടിമീത്തൽ എൽപി സ്കൂളിലെ കുട്ടികൾ ഭക്ഷ്യവിഷബാധയിൽനിന്ന് രക്ഷപ്പെട്ടത് ഫുഡ് സേഫ്റ്റി ഓഫിസറുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിലെ നിസ്സാരമായ അശ്രദ്ധകൾ മുതൽ വൃത്തിഹീനമായ അന്തരീക്ഷത്തിലെ പാചകംവരെ ഭക്ഷ്യവിഷബാധയ്ക്ക് പല കാരണങ്ങളുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിഗമനം.
∙ തുടർക്കഥയാവുന്ന ഭക്ഷ്യവിഷബാധ
വിവാഹ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച നരിക്കുനി സ്വദേശിയായ രണ്ടരവയസ്സുകാരന്റെ മരണം ഒരു നാടിനെയാകെ ആശങ്കയിലാക്കി. കഴിഞ്ഞ വ്യാഴാഴ്ച നരിക്കുനി ചെങ്ങളക്കണ്ടിയിലെ വിവാഹവീട്ടിൽ ഭക്ഷണം കഴിച്ചതോടെയാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടി ഛർദിക്കാൻ തുടങ്ങി. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ അവശ്യ ചികിത്സ നൽകി തിരിച്ചയച്ചു. എന്നാൽ പിന്നെയും ഛർദി നിൽക്കാതായി.
രാത്രി പതിനൊന്നോടെ കുട്ടിയുടെ ചുണ്ട് നീലനിറമായി. കൈകൾ വിറയ്ക്കാൻ തുടങ്ങി. ഇതോടെ കുട്ടിയെ തിരികെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഗുരുതരാവസ്ഥയിലായതിനാൽ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ നിർദേശിച്ചു. ഈ യാത്രയ്ക്കിടെയാണ് കുട്ടി മരിച്ചത്. ശനിയാഴ്ച രാവിലെയോടെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി 50 പേരെത്തിയിരുന്നു. എല്ലാവരും ഇതേ വിവാഹവീട്ടിൽ ഭക്ഷണം കഴിച്ചവരാണ്. അതിൽ 11 കുട്ടികളെ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടു.
വടകര മാക്കൂൽ വാർഡിലെ വിവാഹ വീട്ടിൽനിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും ഭക്ഷണം കഴിച്ച 200 പേരാണ് തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ 30 കുട്ടികളുമുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷണസാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ഒക്ടോബർ 27ന് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ കന്റീനിൽനിന്ന് ഭക്ഷണം കഴിച്ച 15 കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റത് രണ്ടാഴ്ച മുൻപാണ്. ഇവരിൽ 7 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ച പയ്യടിമീത്തൽ എൽപി സ്കൂളിലെ കുട്ടികൾ ഭക്ഷ്യവിഷബാധയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സ്കൂളിലെ കുട്ടികൾക്ക് കൊടുക്കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ പിങ്ക് നിറം കണ്ടു. ചില മുട്ടകളുടെ വെള്ള മങ്ങിയതായും കണ്ടു. ആശങ്ക തോന്നിയ അധ്യാപിക ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറെയും നൂൺമീൽ ഓഫിസറെയും വിവരമറിയിച്ചു.
പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച് ബാക്കിയുള്ളവ കുട്ടികൾക്ക് കൊടുക്കാനായിരുന്നു അധ്യാപികയ്ക്ക് ആദ്യം നിർദേശം ലഭിച്ചിരുന്നത്. എന്നാൽ സ്കൂളിലെത്തിയ ഫുഡ് സേഫ്റ്റി ഓഫിസർ സ്യൂഡോമോണസ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരുമിച്ച് പുഴുങ്ങുമ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം മറ്റു മുട്ടകളിലേക്കും പടർന്നിരിക്കാമെന്നതിനാൽ എല്ലാം ഒഴിവാക്കാൻ നിർദേശിക്കുകയായിരുന്നു.
∙ ബോധവത്കരണത്തിനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
വീടുകളിലെ വിവിധ പരിപാടികൾക്കായി തയാറാക്കിയ ഭക്ഷണത്തിൽനിന്നാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാവുന്നതെന്നു കണ്ടതിനെ തുടർന്ന് കാറ്ററിങ് മേഖലയിലുള്ളവർക്ക് ഈ ആഴ്ച പ്രത്യേക ബോധവത്കരണം നടത്താനൊരുങ്ങുകയാണ് ജില്ലിലെ ഭക്ഷ്യസുരക്ഷാ വിഭാഗം. കാറ്ററിങ് മേഖലയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണ പരിപാടിയെന്നും ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ എം.ടി.ബബിച്ചൻ പറഞ്ഞു.
∙ വേണം കരുതൽ
ഏറെക്കാലം ഉപയോഗിക്കാതിരുന്ന ഭക്ഷണപ്പാത്രങ്ങളിലെ അവശിഷ്ടങ്ങളിലുണ്ടായ ബാക്ടീരിയയും ഫംഗസുമായിരിക്കാം ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നാണ് ആദ്യനിഗമനമെന്ന് ഫുഡ് സേഫ്റ്റി അസി.കമ്മിഷണർ എം.ടി.ബബിച്ചൻ പറഞ്ഞു. ലോക്ഡൗൺ കാലത്തിനുശേഷം വീണ്ടും പൊതുപരിപാടികളും വിവാഹസത്കാരങ്ങളുമൊക്കെ സജീവമാവുന്ന കാലമാണിത്. പാചകക്കാർ ഏറെക്കാലം ഉപയോഗിക്കാതെവച്ചിരുന്ന വലുപ്പമേറിയ പാത്രങ്ങൾ ഏറെക്കാലത്തിനു ശേഷമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇതിനകത്ത് പഴകിയ ഭക്ഷ്യവസ്തു അവശിഷ്ടങ്ങളുണ്ടെങ്കിൽ ഫംഗസും ബാക്ടീരിയയുമുണ്ടാവാൻ സാധ്യതയുണ്ട്.
ജലപൈപ്പുകൾ ഉപയോഗിച്ച് വെള്ളം പാത്രത്തിലേക്കു ചീറ്റിച്ചാണ് പാത്രങ്ങൾ കഴുകുന്നത്. പൂർണമായും വൃത്തിയായെന്ന് ഉറപ്പാക്കിയശേഷം മാത്രമേ പാചകത്തിനുപയോഗിക്കാവൂ. ജില്ലയിലെ കാറ്ററിങ് മേഖലയിലുള്ളവർക്കും പാചകത്തൊഴിലാളികൾക്കുമായി ശനിയാഴ്ചയോടെ ബോധവത്കരണക്ലാസ് നടത്തും. സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബബിച്ചൻ പറഞ്ഞു.
വിവാഹസത്കാരമടക്കമുള്ള പരിപാടികളിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നവരിൽ പലർക്കും അടുത്ത ദിവസമായിരിക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നത്. ശരാശരി 12 മണിക്കൂറെങ്കിലുമെടുക്കും. എന്നാൽ ഇത്രയും വൈകുന്ന അവസരത്തിൽ പരിശോധനയ്ക്ക് ഭക്ഷണസാംപിളുകൾ ലഭിക്കാറില്ല. അതുകൊണ്ട് വിവിധ പരിപാടികളുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കുറച്ചുഭാഗം സാംപിളിനായി രണ്ടു ദിവസത്തേക്കെങ്കിലും സൂക്ഷിച്ചുവയ്ക്കണം. ഭക്ഷണം കേടാവാത്ത താപനിലയിലാവണം സൂക്ഷിക്കേണ്ടതെന്നും അസി.കമ്മിഷണർ പറഞ്ഞു.
നരിക്കുനിയിലെ വിവാഹസത്കാരത്തിനിടെ നൽകിയ ചിക്കൻ റോളും മയണൈസുമടക്കമുള്ള പാക്കറ്റ് പല സ്ത്രീകളും വീട്ടിലേക്ക് കൊണ്ടുപോയി ഏറെ സമയം കഴിഞ്ഞ് കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ നിശ്ചിതസമയത്തിനകത്ത് കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാവാൻ സാധ്യതയുണ്ടെന്നും അസി.കമ്മിഷണർ പറഞ്ഞു.
English Summary : Three incidents in one month, Food poisoning issue continues in Kozhikode district