പഠാൻകോട്ടിലെ 'വിചിത്രവെളിച്ചം'; ഞെട്ടിത്തരിച്ച് പ്രദേശവാസികൾ
Mail This Article
പഠാൻകോട്ട് ∙ പഞ്ചാബിലെ പഠാൻകോട്ടിൽ ആകാശത്തു വിചിത്രവെളിച്ചം കണ്ടതിന്റെ ഞെട്ടലിൽ പ്രദേശവാസികൾ. വെള്ളിയാഴ്‌ച 6.50 മണിയോടെയാണ് അഞ്ച് മിനിറ്റു നീണ്ട ആകാശ കാഴ്ചയ്ക്കു തുടക്കമായത്. നേർരേഖയിൽ വെളിച്ചം മിന്നുന്നതായാണു വിഡിയോയിൽ കാണാനാകുന്നത്.
ഈ വെളിച്ചം എന്തിനെയാണു പ്രതിനിധീകരിക്കുന്നത് എന്നത് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനു മുൻപും രാജ്യത്ത് ഇത്തരം ആകാശ കാഴ്ചകൾക്കു ദൃക്‌സാക്ഷിയായ ചരിത്രം ഉണ്ടായിട്ടുണ്ട്. ഈ വർഷം ജൂണിൽ ഗുജറാത്തിലെ ജുനഗഡ്, ഉപ്ലേറ്റ, സൗരാഷ്ട്രയുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാത്രി സമയത്തു വിചിത്രമായ വെളിച്ചങ്ങൾ കണ്ടിട്ടുണ്ട്. ഇവ യുഎഫ്ഒ (പറക്കും തളിക) ആണെന്നാണു ചിലയാളുകൾ പറയുന്നത്.
എന്നാൽ ഇതിനോട് എതിരഭിപ്രായമാണ് ഗുജറാത്ത് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഉപദേശകൻ നരോത്തൻ സഹോയ്ക്കുള്ളത്. ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ ഉപഗ്രഹം കടന്നുപോകുന്നതാവാം ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്കോട്ട് ജില്ലയിലെ ഉപ്ലേറ്റ പട്ടണത്തിൽ ഉച്ചത്തിൽ ശബ്ദം കേൾക്കുകയും ആ വസ്തുക്കൾ ആകാശത്ത് തന്നെ പൊട്ടിത്തെറിക്കുന്നതും അതിന്റെ ഭാഗങ്ങൾ ആകാശത്ത് നിന്ന് വീഴുന്നതുമാണു കണ്ടത്.
English Summary: Mysterious lights in the sky in Punjab's Pathankot leave locals stumped