ADVERTISEMENT

ന്യൂഡൽഹി∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകടദിവസം മരിച്ചിരുന്നു.

14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടനിലേക്കായിരുന്നു യാത്ര. 

വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുൺ സിങ്. ഭരണത്തലവന്മാർ, സംയുക്ത സേനാ മേധാവി, സേനാ മേധാവികൾ തുടങ്ങിയവർ വെല്ലിങ്ടൺ സന്ദർശിക്കുമ്പോൾ കോളജ് സ്റ്റാഫിലെ ഉയർന്ന ഉദ്യോഗസ്ഥൻ അവരെ സുലൂർ വ്യോമതാവളത്തിൽ സ്വീകരിക്കുകയും കോളജിലേക്കുള്ള യാത്രയിൽ അനുഗമിക്കുകയും വേണമെന്നാണു ചട്ടം. ഇതിന്റെ ഭാഗമായാണു വെല്ലിങ്ടണിൽ നിന്ന് വരുൺ അപകടദിവസം സുലുരിലെത്തിയത്.

Varun-Singh-Copter-Crash
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, കൂനൂരിൽ ഹെലികോപ്റ്റർ അപകടമുണ്ടായ സ്ഥലത്തെ ദൃശ്യം.

കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽനിന്ന് എൽസിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുൺ സിങ് വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായി തുടർന്നെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. വരുൺ സിങ്ങിന് ചർമം (സ്കിൻ ഗ്രാഫ്റ്റ്) വച്ചുപിടിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനായി ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്കിൽ നിന്ന് നടപടി സ്വീകരിച്ചിരുന്നു. 

English Summary: Group Captain Varun Singh, Injured In Chopper Crash, Dies In Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com