ADVERTISEMENT

കൊച്ചി∙ തന്റെ രക്തത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബത്തെ നശിപ്പിക്കരുതെന്ന അഭ്യർഥനയുമായി കിറ്റെക്സ് ഗാർമെന്റ്സ് എംഡി സാബു എം ജേക്കബ്. അവരുടെ ശാപം കേരള മണ്ണിനു ബുദ്ധിമുട്ടാകാതിരിക്കാനാണ് യാചിക്കുന്നത്. തന്നോടുള്ള വിരോധം തീർക്കേണ്ടത് ഈ പട്ടിണി പാവങ്ങളോടല്ല, കമ്പനി അടയ്ക്കലാണ് ആവശ്യമെങ്കിൽ അതു തുറന്നുപറയുകയാണു വേണ്ടത്, അതിനു തയാറാണ്. രാഷ്ട്രീയ താൽപര്യം വച്ച് ഒരു പ്രസ്ഥാനം ഇല്ലാതാക്കാനാണ് ശ്രമം. ട്വന്റി- ട്വന്റിയെ ഇല്ലാതാക്കാൻ കിറ്റെക്സിനെ ഇല്ലാതാക്കണം. അതിനായി എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പാവങ്ങളെ ഉപദ്രവിക്കുകയാണ്.

നിങ്ങൾക്കു വേണ്ടത് എന്നെയാണെങ്കിൽ എന്തിനാണ് നിരപരാധികളായ പട്ടിണിപ്പാവങ്ങളെ തുറുങ്കിൽ അടച്ചത്. ഇതിലും വലിയ മനുഷ്യത്വരഹിത നടപടിയില്ല. അമ്മയെയും അച്ഛനെയും ഭാര്യയെയും കുട്ടികളെയും ഒക്കെ വിട്ട്, ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഇവിടെ വന്നിട്ടുള്ളവരെ കിറ്റെക്സിനോടുള്ള വിരോധത്താലാണ് അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിക്ക് മനഃസാക്ഷിയുണ്ടെങ്കിൽ അവരെ തുറന്നു വിടാനുള്ള മനസ്സു കാണിക്കണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ മാത്രം അറസ്റ്റു ചെയ്യുകയാണ് വേണ്ടത്. പൊലീസ് ചെയ്യുന്നത് കൊടും ക്രൂരതയാണ്.

സംഭവം യാദൃശ്ചികമാണെങ്കിലും എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നത് അന്വേഷിച്ചു കണ്ടെത്തണം. 164 പേരെ കസ്റ്റഡിയിൽ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്രതികളാണ് എന്നാണ് പറയുന്നത്. അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈൻ ക്വാർട്ടേഴ്സുകളിലായി 984 പേരാണ് താമസിച്ചു വന്നത്. ഇവരിൽ 499 പേർ മലയാളികളാണ്. 455 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നു മുതൽ 12 വരെ നമ്പറുള്ള ക്വാർട്ടേഴ്സുകളിൽ മൂന്നു ക്വാർട്ടേഴ്സുകളിലുള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാർട്ടേഴ്സുകൾ വളഞ്ഞ് 10, 12, 13 ക്വാർട്ടേഴ്സുകളിലെ മലയാളികളെ മാറ്റി നിർത്തി ബാക്കി എല്ലാവരെയും ബസുകളിൽ കയറ്റുകയായിരുന്നു.

485 ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്ന ക്വാർട്ടേഴ്സിൽ ഈ ക്വാർട്ടേഴ്സിലുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത് എങ്ങനെയാണ്. ജനത്തെ വിഡ്ഢികളാക്കാൻ കയറ്റിക്കൊണ്ടു പോയതാണ്. രണ്ടു മണിക്കൂറിൽ ഈ മൂന്നു ക്വാർട്ടേഴ്സുകളിൽ മാത്രമാണ് പ്രതികൾ ഇരിക്കുന്നതെന്ന് എവിടെനിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ക്യാമറ ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കമ്പനിയിൽ നടത്തിയ അന്വേഷണത്തിൽ, പൊലീസ് അറസ്റ്റു ചെയ്ത 162 ൽ 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ എന്നാണ് മനസ്സിലായത്. 151 പേരും നിരപരാധികളാണ്. എവിടെ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത് എന്നു പറയണം.

പൊലീസ് പിടിച്ചു കൊണ്ടു പോയ 164 പേരെയും പ്രതികളാക്കി മാറ്റുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ പൊലീസിനു പിടികൂടി നൽകിയത് കിറ്റെക്സ് തന്നെയാണ്. 11 പേരെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറാൻ അറിയിച്ചിട്ടുണ്ട്. പൊലീസ് പിടികൂടിയവരിൽ ബാക്കി പത്തു പേർ മാത്രമാണ് യഥാർഥ പ്രതികൾ.

പൊലീസ് പിടികൂടിയവർ പല സംസ്ഥാനക്കാരാണ്. അഞ്ചും പത്തും വർഷമായി കൂടെ ജോലി ചെയ്യുന്ന സൂപ്പർവൈസർക്കു പോലും തിരിച്ചറിയാനാകില്ല. 32 മണിക്കൂറായി സൂപ്പർവൈസർമാരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. നമ്മുടെ മണ്ണിൽ വന്ന് ഒരു നാട്ടുകാരനെയും പൊലീസിനെയും അക്രമിക്കുന്ന ഒരു പ്രവർത്തിയും അനുകൂലിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല.

വളരെ സെൻസിറ്റീവായ വിഷയമാണ് ഇതെന്നു സർക്കാർ തിരിച്ചറിയണം. 45 ലക്ഷം മലയാളി സഹോദരങ്ങൾ അന്യ സംസ്ഥാനങ്ങളിലുണ്ടെന്നതു മറക്കരുത്. അസമിൽ നിന്നുള്ള രണ്ടുപേർ, നാഗാലൻഡിൽ നിന്നുള്ള ഒരാൾ, ജാർഖണ്ഡില്‍ നിന്നുള്ള ഒമ്പതു പേർ, മണിപ്പൂരിൽനിന്നു നാലു പേർ, ഒഡീഷയിൽനിന്ന് ഒരാൾ, യുപിയിൽനിന്ന് അഞ്ചു പേർ, ബംഗാളിൽനിന്ന് ഒരാൾ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്.

പത്തു സംസ്ഥാനങ്ങളിലെ നിരപരാധികളെയാണ് പൊലീസ് ജയിലിലാക്കിയിട്ടുള്ളത്. ആ സംസ്ഥാനക്കാർ വെറുതെ ഇരിക്കുമെന്നു കരുതരുത്. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു സർക്കാർ മറുപടി പറയേണ്ടി വരും. നിങ്ങളുടെ കയ്യിൽ തെളിവെന്തുണ്ടെന്നു ചോദിച്ചാൽ കൈമലർത്തേണ്ടി വരും. പത്തു സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നം രാഷ്ട്രീയവൽക്കരിച്ച്, സാബുവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ പാർട്ടികൾ ഉപയോഗിക്കുന്നതു തെറ്റാണെന്നും അതു തിരുത്തണമെന്നും സാബു പറഞ്ഞു.

English Summary: Kizhakkambalam violence: Press conference of Sabu M Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com