തിരഞ്ഞെടുപ്പ് വീഴ്ച: എസ്.രാജേന്ദ്രനെ സിപിഎമ്മിൽനിന്നു പുറത്താക്കാൻ ശുപാർശ
Mail This Article
മൂന്നാർ ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ശുപാർശ. ദേവികുളം തിരഞ്ഞെടുപ്പിൽ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത്. പരാതിയെ തുടർന്ന് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഒരുവർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ ചെയ്തിരിക്കുന്നത്.
അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിയിലുണ്ടാകും. പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന് രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി എംഎൽഎ പരസ്യപ്രസ്താവന നടത്തിയിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ജില്ലാ കമ്മിറ്റി നടപടിയെന്നും പാർട്ടിയുടെ എന്തു തീരുമാനവും അനുസരിക്കുമെന്നും രാജേന്ദ്രൻ പ്രതികരിച്ചു.
English Summary: CPM District Committee Recommendation to Take Action Against S Rajendran