എൻഡിഎ ഘടകകക്ഷികളുമായി ആർജെഡി സമ്പർക്കത്തിൽ: ജിതൻ റാം മാഞ്ചി
Mail This Article
പട്ന∙ ആർജെഡി നേതൃത്വം എൻഡിഎ ഘടകകക്ഷികളുമായി സമ്പർക്കത്തിലാണെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിയുടെ വെളിപ്പെടുത്തൽ. മകര സംക്രാന്തിക്കു ശേഷം ബിഹാർ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും മാഞ്ചി പ്രവചിച്ചു.
ബിഹാറിൽ സംസ്ഥാന തല ജാതി സെൻസസ് നടപ്പാക്കാൻ നിതീഷ് കുമാർ സർക്കാരിന് ആർജെഡി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മാഞ്ചിയുടെ പ്രതികരണം. എൻഡിഎ സഖ്യകക്ഷികളിൽ ബിജെപിയും എച്ച്എഎമ്മും കുറച്ചു കാലമായി ഇടഞ്ഞു നിൽക്കുകയാണ്. മാഞ്ചിയുടെ ബ്രാഹ്മണ വിരുദ്ധ പ്രസ്താവനകളെ ബിജെപി മന്ത്രിമാർ എതിർത്തതോടെയാണ് മുന്നണിയിൽ പോരു മുറുകിയത്.
എച്ച്എഎം പിന്തുണ പിൻവലിച്ചാൽ ബിജെപി മന്ത്രിമാർ സ്ഥാനം നഷ്ടപ്പെട്ടു തെരുവിലാകുമെന്നു പാർട്ടി വക്താക്കൾ ഭീഷണി മുഴക്കി. ജിതൻ റാം മാഞ്ചിയുടെ മകന്റെ മന്ത്രിസ്ഥാനമാകും അപകടത്തിലാകുകയെന്നു ബിജെപിയും തിരിച്ചടിച്ചു. എൻഡിഎ ഘടകകക്ഷി വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) നേതാവും മന്ത്രിയുമായ മുകേഷ് സാഹ്നിയും ആർജെഡി നേതാവ് ലാലുവുമായുള്ള അടുപ്പവും ബിജെപി സംശയത്തോടെയാണു വീക്ഷിക്കുന്നത്.
English Summary: Jitan Ram Manjhi against RJD