'ജയരാജനെതിരായ നടപടിക്ക് മുഖ്യമന്ത്രിയുടെ അനുമതി; പുസ്തകവും മുഖ്യമന്ത്രി അറിഞ്ഞ് '
Mail This Article
തിരുവനന്തപുരം∙ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം എഴുതുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ അറിവുണ്ടായിരുന്നതായി മുന്‍ ഡിജിപി ജേക്കബ് തോമസ്. മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെ ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് നടപടിയെടുത്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം എഴുതിയതിന്റെ പേരില്‍ ജേക്കബ് തോമസിന്റെ പിഎഫും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. പെന്‍ഷനും പ്രൊവിഷണലായി മാത്രം. പല കാരണങ്ങളിലുള്ള മാറ്റിനിര്‍ത്തലിന് ശേഷം ജേക്കബ് തോമസ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡിയായാണ് വിരമിച്ചത്.
2016-2017ലാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രകാശനത്തിനു തയാറായതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്നതിനാല്‍ മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊപ്പം പുസ്തക രചനയുടെ കാര്യവും പറയാറുണ്ടായിരുന്നു. മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറി. പുസ്തക രചനയുടെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചു. ക്രൈംബ്രാഞ്ച് കേസുമെടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പുസ്തക രചനയുടെ കാര്യം താന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. രേഖാമൂലം പുസ്തക പ്രകാശനത്തിനു ഏകദേശം 6 മാസം മുന്‍പേ സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധുനിയമനക്കേസില്‍ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് നടപടിയെടുത്തത് മുഖ്യമന്ത്രിയുമായി ആലോചിച്ചാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകനെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇഎല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരായ കേസ്. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു, ജയരാജന്‍ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രത്യേക അന്വേഷണവും മീറ്റിംഗും ഈ വിഷയത്തില്‍ നടന്നിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
താനുമായി നല്ല ബന്ധത്തിലായിരുന്ന മുഖ്യമന്ത്രി അകലാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. 2017 ലെ അഴിമതി വിരുദ്ധദിനത്തില്‍ നടന്ന സെമിനാറില്‍ അഴിമതിക്കെതിരെ സംസാരിച്ചു എന്നതാകാം അകലാനുള്ള കാരണമായി കാണുന്നത്. ഇതിനായിരുന്നു 2017 ലെ ആദ്യത്തെ സസ്‌പെന്‍ഷന്‍. തുടരെയുള്ള സസ്പെന്‍ഷനുകള്‍ക്കു ശേഷം കോടതിവിധി പ്രകാരം സര്‍വീസില്‍ തിരിച്ചെത്തിയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ശിക്ഷണനടപടികള്‍ തുടരുകയാണ്. വിരമിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും തോമസ് ജേക്കബ് പറഞ്ഞു.
English Summary: The CM had a clear idea of my book writing: Jacob Thomas