ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിലും ഉത്തർപ്രദേശിലും വോട്ടെടുപ്പ് പൂർത്തിയായി. ഏഴു ഘട്ടങ്ങളുള്ള ഉത്തർപ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പാണ് നടന്നത്. വൈകിട്ട് അഞ്ചുവരെ ഉത്ത‌ർപ്രദേശിൽ 57.44 ശതമാനവും പഞ്ചാബില്‍ 63.44 ശതമാനവും വോട്ട് രേഖപ്പെടുത്തി. 

പോളിങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ കാൻപുർ റൂറലിലെ വോട്ടിങ് മെഷീനിൽ തകരാറുണ്ടെന്ന് സമാജ്‌വാദ് പാർട്ടി ആരോപിച്ചു. സമാജ്‌വാദി പാർട്ടിക്കു വോട്ടു ചെയ്യുന്നത് ബിജെപിക്കാണ് ലഭിക്കുന്നതെന്നായിരുന്നു ആരോപണം. ഇതിൽ നടപടി എടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. 

പഞ്ചാബിൽ 117 സീറ്റുകളിലേക്കാണു പോളിങ്. 1304 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പു നടക്കുന്നത് 59 മണ്ഡലങ്ങളിലാണ്. 627 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, കോൺഗ്രസ് സ്ഥാനാർഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവർക്കെതിരെ കേസെടുത്തു. 

പഞ്ചാബിൽ ശക്തമായ ചതുഷ്കോണ മത്സരത്തിൽ പ്രവചനാതീതമാണു പോരാട്ടം. ഭരണതുടർച്ച തേടി കോൺഗ്രസും അട്ടിമറിക്കാൻ ആംആദ്മി പാർട്ടിയും ശക്തമായി രംഗത്തുണ്ട്. ബിജെപിയുമായി ചേർന്നു മത്സരിക്കുന്ന അമര‌ിന്ദർ സിങ്ങിനും അഭിമാന പോരാട്ടമാണ്. 

യുപിയിൽ മുലായം കടുംബത്തിന്റെ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും ഉൾപ്പെടെ യാദവ വോട്ടുകൾ നിർണായകമായ 30 മണ്ഡലങ്ങളും ഇന്നു വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

English Summary: Assembly Elections 2022; Punjab and UP to polling booth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com