കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവ്, 60 ലക്ഷം പിഴ
Mail This Article
പട്ന∙ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവ്. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം. ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകൾ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു.
ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ലാലു യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.
English Summary : Fodder scam case: RJD leader Lalu Yadav sentenced to 5 years in jail