ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി മുന്നേറ്റം തുടരുന്നു. 21 കോർപറേഷനുകളിലേക്കും 138 മുനിസിപ്പാലിറ്റികളിലേക്കും 489 നഗര പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും പുതിയ വിവരം അനുസരിച്ച് ഡിഎംകെ ഏറെ മുന്നിലാണ്.

ആകെയുള്ള 1,374 കോർപറേഷൻ വാർഡുകളിൽ 289 എണ്ണത്തിൽ ഡിഎംകെ വിജയം നേടികഴിഞ്ഞു. 49 കോർപറേഷൻ വാർഡുകളിൽ മാത്രമാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയ്ക്ക് ഇതുവരെ വിജയിക്കാൻ കഴിഞ്ഞത്. സിപിഎം 11 വാർഡുകളിലും ബിജെപി 3 എണ്ണത്തിലും വിജയം നേടി. 60.7 ശതമാനം വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. ചെന്നൈ കോർപറേഷനിലെ 63 വാർഡുകൾ ഡിഎംകെ നേടിയപ്പോൾ അണ്ണാഡിഎംകെ പതിനൊന്നിൽ ഒതുങ്ങി. 

3,843 മുനിസിപ്പാലിറ്റി വാർഡുകളിൽ ഡിഎംകെ 1,211 എണ്ണത്തിലും അണ്ണാഡിഎംകെ  320 എണ്ണത്തിലും വിജയം നേടി. കോൺഗ്രസ് 80, സിപിഐ 10, സിപിഎം 24, ബിജെപി 29. ഡിഎംഡികെ 5 എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റ് നില. 489 നഗര പഞ്ചായത്തുകളിലെ 3,782 വാർഡുകളിൽ ഡിഎംകെയും 1,070 വാർഡുകളിൽ അണ്ണാഡിഎംകെയും വിജയം നേടി. 

വിവിധ ഇടങ്ങളിലായി 228 സ്ഥാനാർഥികൾ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 12,607 സീറ്റുകളിലേക്കായി 57,000 സ്ഥാനാർഥികൾ മത്സരിച്ചു. സംസ്ഥാനത്താകെ 268 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരുന്നത്. ചെന്നൈയിൽ 15 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം. ‌‌‌കോൺഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഡിഎംകെ മുന്നണിയിൽ അണിനിരക്കുന്നു. പ്രതിപക്ഷത്തുള്ള പാർട്ടികളൊന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടില്ല. 

അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി, നടൻ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കൾ ഇയക്കം, നാം തമിഴർ കക്ഷി, ഐജെകെ, അമ്മ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. 

English Summary: DMK Heads For Big Win In Tamil Nadu Urban Civic Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com