ലഖിംപുര്‍ ഖേരി മുതല്‍ ലക്‌നൗ വരെ; യുപി നാലാംഘട്ട പോരാട്ടം ബിജെപിക്ക് നിര്‍ണായകം
Mail This Article
ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ 59 മണ്ഡലങ്ങളില്‍ നാലാംഘട്ട പോളിങ് പുരോഗമിക്കുന്നു. 11 മണി വരെ 22.62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പിലിബിത്തില്‍ 27.44 ശതമാനവും ലഖിംപുര്‍ ഖേരിയില്‍ 26.28 ശതമാനവുമാണ് പോളിങ്. പിലിബിത്ത്, ലഖിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയി, ഉന്നാവ്, ലക്‌നൗ, റായ് ബറേലി, ബന്ദ, ഫത്തേപുര്‍ എന്നീ 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പലയിടത്തും വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ആരോപിച്ചു. ഒരാള്‍ പല ബാലറ്റുകള്‍ ഒപ്പിടുന്നതിന്റെ വിഡിയോയും റാവത്ത് പുറത്തുവിട്ടു. 2017ല്‍ ബിജെപിക്ക് ഏറെ നേട്ടമുണ്ടായ മണ്ഡലങ്ങളില്‍ ആകെ 624 സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. 2017ല്‍ 60 മണ്ഡലങ്ങളില്‍ 52 എണ്ണവും ബിജെപിയും സഖ്യകക്ഷികളായ അപ്‌ന ദളും നേടിയിരുന്നു. നാലെണ്ണം സമാജ്‌വാദി പാര്‍ട്ടിയും രണ്ടെണ്ണം വീതം കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും നേടി.
കര്‍ഷകരുടെ മരണത്തെ തുടര്‍ന്ന് ഏറെ വിവാദമായ ലഖിംപുര്‍ ഖേരി മേഖലയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവില്‍ ബിജെപിക്ക് ഒപ്പമാണ്. ലഖിംപുര്‍ സിറ്റിയില്‍ സിറ്റിങ് എംഎല്‍എ യോഗേഷ് വര്‍മ എസ്പിയുടെ ഉത്കര്‍ഷ് വര്‍മ മാഥുറിനെയാണ് നേരിടുന്നത്. 2017ല്‍ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യോഗേഷ് ജയിച്ചത്.
ബിജെപിയുടെ പരമ്പരാഗത സീറ്റായ ലക്‌നൗ കന്റോണ്‍മെന്റില്‍ ബിജെപിയെ തറപറ്റിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. ബിജെപിയുടെ ബ്രജേഷ് പതക് എസ്പിയുടെ രാജു ഗാന്ധിയെയാണു നേരിടുന്നത്. 1991 മുതല്‍ മിക്ക തിരഞ്ഞെടുപ്പുകളിലും മണ്ഡലം ബിജെപിയെയാണു തുണയ്ക്കുന്നത്.
സരോജിനി നഗറില്‍ മുന്‍ ഇഡി ഉദ്യോഗസ്ഥനും മുന്‍ എസ്പി മന്ത്രിയും തമ്മിലാണു മത്സരം. മുന്‍ ഇഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിങ്ങിനെ ബിജെപി കളത്തിലിറക്കിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയാണ് എസ്പിയുടെ തുറുപ്പ്ചീട്ട്. 2017ല്‍ ബിജെപിയുടെ സ്വാതി സിങ് ആണ് ഇവിടെ വിജയിച്ചത്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ വിമത നീക്കമാണ് ഇക്കുറി പാര്‍ട്ടിക്കു തലവേദനയായിരിക്കുന്നത്. കഴിഞ്ഞ തവണ ജയിച്ച അതിഥി സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയാണ് ഇത്തവണ മത്സരിക്കുന്നത്. 1993 മുതല്‍ മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന അഖിലേഷ് സിങ്ങിന്റെ മകളാണ് അതിഥി. മേഖലയിലെ പ്രമുഖ ഡോക്ടറായ മനീഷ് സിങ് ചൗഹാനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.
2017ല്‍ യോഗി ആദിത്യനാഥിനെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ വിവാദനായികയായ യുവ നേതാവ് പൂജാ ശുക്ലയെയാണ് ലക്‌നൗ നോര്‍ത്തില്‍ സമാജ്‌വാദി പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. 2017ല്‍ എസ്പിയില്‍നിന്ന് ചെറിയ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുത്ത നീരജ് ബോറയാണ് ബിജെപി സ്ഥാനാര്‍ഥി.
മറ്റൊരു പ്രധാന മണ്ഡലമായ ഹര്‍ദോയിയില്‍ എസ്പിവിട്ട് ബിജെപിയില്‍ എത്തിയ യുപി മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാളാണ് എസ്പി സ്ഥാനാര്‍ഥി അനില്‍ വര്‍മയെ നേരിടുന്നത്. നാല് ദശാബ്ദമായി അഗര്‍വാള്‍ കുടുംബത്തിന്റെ കുത്തകയാണ് ഈ മണ്ഡലം.
English Summary: Uttar Pradesh election 2022 phase 4 updates