സത്യപ്രതിജ്ഞ രാജ്ഭവനിലല്ല, ഭഗത് സിങ്ങിന്റെ പൂർവിക ഗ്രാമത്തിൽ: വ്യത്യസ്തൻ, മാൻ!
Mail This Article
ചണ്ഡിഗഡ്∙ പഞ്ചാബിൽ വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിപ്ലവകരമായ ശ്രദ്ധേയമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്‌വന്ത് സിങ് മാൻ. ഇത്തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പതിവുപോലെ രാജ്ഭവനിൽ വച്ചായിരിക്കില്ലെന്നാണ് സുപ്രധാന പ്രഖ്യാപനം. പകരം സ്വാതന്ത്ര്യസമര സേനാനിയായ ഭഗത് സിങ്ങിന്റെ പൂർവിക ഗ്രാമമായ ഖട്കർ കലാനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് ഭഗ്‌വന്ത് സിങ് മാൻ വ്യക്തമാക്കി. അതേസമയം, സത്യപ്രതിജ്ഞയുടെ തീയതി പിന്നീട് അറിയിക്കും.
എഎപി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സൻഗ്രൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അടുത്ത അഞ്ചു വർഷത്തെ ഭരണശൈലിയിലേക്കുള്ള സൂചികയായി അദ്ദേഹം ഒരുപിടി പ്രഖ്യാപനങ്ങൾ നടത്തിയത്. പഞ്ചാബിലെ ഒറ്റ സർക്കാർ ഓഫിസിൽപ്പോലും മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം ഭഗത് സിങ്ങിന്റെയും ഡോ. ഭീം റാവു അംബേദ്കറിന്റെയും ചിത്രങ്ങളാകും സർക്കാർ ഓഫിസുകളിലെ ചുവരുകളിൽ ഉണ്ടാകുക.
ഇനിമുതൽ ഒറ്റക്കെട്ടായി മുന്നേറാമെന്നും അദ്ദേഹം പഞ്ചാബിലെ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇത്തവണ എഎപിക്കു വോട്ടു ചെയ്യാത്തവർ ആശങ്കപ്പെടേണ്ടതില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കായും പ്രവർത്തിക്കുന്ന സർക്കാരാകും ഇത്തവണ എഎപിയുടേതെന്നും ഭഗ്‌വന്ത് സിങ് മാൻ പ്രഖ്യാപിച്ചു.
എക്സിറ്റ് പോളുകൾ ശരിവച്ച് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ മുന്നേറ്റം നടത്തിയ എഎഎപി, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90ൽ അധികം സീറ്റുകളിൽ മുന്നിലാണ്. ധൂരിയിൽനിന്ന് മത്സരിച്ച ഭഗ്‌വന്ത് സിങ് മാൻ അനായാസം ജയിച്ചുകയറി.
English Summary: Bhagwant Mann to Take Oath in Khatkar Kalan, Bhagat Singh's Village