ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ട് റഷ്യ; സഹായിച്ചാല്‍ വൻ പ്രത്യാഘാതമെന്ന് യുഎസ്
Mail This Article
വാഷിങ്ടൻ ∙ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാൻ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാൻ ചൈന തയാറാവില്ലെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. റഷ്യ യുക്രെയ്നിൽ കര, വ്യോമ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്.
ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, ചൈനയെ സംബന്ധിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തുന്ന ജോലിയാണ് യുഎസ് ചെയ്യുന്നതെന്ന് ചൈന തിരിച്ചടിച്ചു. യുഎസ് - ചൈന അധികൃതർ റോമിൽ കൂടിക്കാഴ്‌ച നടത്താനിരിക്കവെയാണ് പ്രതികരണം.
ഇതിനു മുൻപ് തയ്‌വാൻ, പശ്ചിമ നാറ്റോ വിഷയങ്ങളിൽ യുഎസ് ചൈനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തടസ്സം നിൽക്കുന്ന വിലങ്ങുതടിയാണ് യുഎസ് എന്നും ചൈന കൂട്ടിച്ചേർത്തു. തിങ്കളാഴ്ച റോമിൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി ജെയ്ക് സള്ളിവന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മുന്നറിയിപ്പ്.
യുക്രെയ്‌നുമേലുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. എല്ലാ പ്രതിസന്ധികൾക്കും കാരണം യുഎസ് ആണെന്ന് ഒരു ഘട്ടത്തിൽ തുറന്നടിക്കുകയും ചെയ്തു. റഷ്യയ്ക്കു സഹായവുമായി ആര് മുന്നോട്ടുവന്നാലും യുഎസ് തുറന്ന് എതിർക്കുമെന്ന് സള്ളിവൻ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ച് ചൈനയ്‌ക്ക് മാസങ്ങൾക്കു മുൻപുതന്നെ അറിവുണ്ടായിരുന്നതായി സള്ളിവൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ജിയേഷി– സള്ളിവന്‍ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ യുദ്ധവും പ്രധാന വിഷയമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. യുക്രെയ്‍ന് നാറ്റോ സഖ്യം ആയുധം നൽകുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കൂടുതൽ ആയുധങ്ങൾ നൽകുമെന്നായിരുന്നു യുഎസ് പ്രഖ്യാപനം.
അമേരിക്ക റഷ്യയ്ക്കുമേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പടുത്തുന്നതിനെതിരെ ചൈന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഉപരോധങ്ങൾ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഒഴിവാക്കാൻ നടപടി വേണമെന്നുമായിരുന്നു ചൈനയുടെ ആവശ്യം. ചൈനയുമായുള്ള പങ്കാളിത്തവും സഹകരണവും റഷ്യ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നത് യുഎസിനെ ചൊടിപ്പിച്ചിരുന്നു.
English Summary: Biden adviser warns China will face consequences if it helps Russia evade sanctions