യുജിസി ചട്ടം കാറ്റിൽപ്പറത്തി വിസി നിയമനം; ഗുലുമാൽ പിടിക്കുമോ സംസ്ഥാന സർക്കാരുകൾ?
Mail This Article
തിരുവനന്തപുരം∙ സർവകലാശാലകളിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു വൈസ് ചാൻസലർമാരെ നിയമിക്കുന്നത് കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പ്രശ്നം സൃഷ്ടിക്കുന്നു. കേരളത്തിലെ മൂന്നു സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം അനിശ്ചിതത്വത്തിൽ ആണ്. സർവകലാശാലകൾ സ്ഥാപിച്ചു കൊണ്ടു സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ എന്തായാലും അതു യുജിസി ചട്ടങ്ങളിൽനിന്നു വ്യത്യസ്തമാണെങ്കിൽ യുജിസി ചട്ടം പാലിച്ചു മാത്രമേ വിസിമാരെ നിയമിക്കാൻ സാധിക്കൂ.
ഇക്കാര്യം വ്യക്തമാക്കി ഈയിടെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തിലെ പല സർവകലാശാലകളിലും യുജിസി ചട്ടം ലംഘിച്ചാണു വിസി നിയമനം നടത്തുന്നത്. ഇത്തരം കാര്യങ്ങൾ പരിശോധിച്ചു തീരുമാനിക്കേണ്ടതു സർവകലാശാലാ ചാൻസലർമാരാണ്. കേരളത്തിൽ ചാൻസലർ സ്ഥാനം വഹിക്കുന്ന ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്താറുണ്ടെങ്കിലും പിന്നീട് സർക്കാരിൽനിന്നു സമ്മർദം വരുമ്പോൾ നിയമനം അംഗീകരിക്കുകയാണ് പതിവ്. ഇത്തരം നിലപാട് മൂലം കണ്ണൂർ, ഫിഷറീസ്, സംസ്കൃത സർവകലാശാലകളുടെ വിസി നിയമനം നിയമക്കുരുക്കിൽ ആകുമെന്നു നിയമ വിദഗ്ധർ പറയുന്നു.
∙ ചട്ടം കാറ്റിൽ പറത്തുന്നു
സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതിനു മുൻപായി സേർച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് യുജിസി വ്യവസ്ഥ. ഇങ്ങനെ രൂപീകരിക്കുന്ന സേർച് കമ്മിറ്റി വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തണം. അതിൽനിന്നു യോഗ്യതയുള്ളവരുടെ പാനൽ ആണ് ചാൻസലർക്കു സമർപ്പിക്കേണ്ടത്. പാനലിൽ ഉൾപ്പെടുന്ന അനുയോജ്യനായ വ്യക്തിയെ ചാൻസലർ നിയമിക്കണമെന്നും യുജിസി ചട്ടങ്ങളിൽ ഉണ്ട്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി 2017ൽ ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചപ്പോൾ പാനൽ തയാറാക്കുന്നതിനു പകരം അദ്ദേഹത്തിന്റെ പേരു മാത്രമേ ചാൻസലർക്കു സേർച് കമ്മിറ്റി സമർപ്പിച്ചിരുന്നുള്ളൂ. സുപ്രീം കോടതി വിധിയിൽ നിർദേശിക്കുന്നതു പോലെ ഇക്കാര്യത്തിൽ യുജിസി വ്യവസ്ഥ സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ല.
കാലാവധി പൂർത്തിയാക്കിയ ഡോ.ഗോപിനാഥ് രവീന്ദ്രന് അടുത്ത കാലത്തു വിസിയായി പുനർനിയമനം നൽകി. പുതിയ വിസിയെ തിരഞ്ഞെടുക്കാൻ നിയോഗിച്ച സേർച് കമ്മിറ്റി പിരിച്ചുവിട്ട ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ 2017ലെ അദ്ദേഹത്തിന്റെ നിയമനവും ചട്ടവിരുദ്ധം ആയിരുന്നെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
∙ കുഫോസിലും പ്രശ്നം
കേരള ഫിഷറീസ് സർവകലാശാലയിൽ (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചപ്പോഴും ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി സമർപ്പിച്ചത്. ഇതിനെതിരെയുള്ള കേസ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണ്. വിസി നിയമനം യുജിസി മാനദണ്ഡം അനുസരിച്ച് അല്ലെന്നാണ് അവിടെയും ആരോപണം ഉയർന്നത്. ഒരാളുടെ പേരു മാത്രമായിരുന്നു 2021 ജനുവരി 22നു സേർച് കമ്മിറ്റി, ഗവർണറോടു ശുപാർശ ചെയ്തത്. ഗവർണർ അത് അംഗീകരിച്ചു നിയമന ഉത്തരവിറക്കി. അതോടെ ഈ കമ്മിറ്റി തന്നെ നിയമന അധികാരിയായി മാറിയ ഫലമാണ് ഉണ്ടായതെന്നും ഹർജിക്കാർ ആരോപിക്കുന്നു.
∙ സംസ്കൃതവും കുരുക്കാകുമോ
മൂന്നു മാസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലിഷ് പ്രഫസർ ഡോ.എം.വി.നാരായണനെ ഗവർണർ നിയമിച്ചത്. വിസിയെ കണ്ടെത്തുന്നതിനു നിയോഗിച്ച സേർച് കമ്മിറ്റി, യോഗ്യരുടെ പാനൽ സമർപ്പിക്കണമെന്നും അതിൽ നിന്നു ചാൻസലർ നിയമനം നടത്തണം എന്നുമാണ് യുജിസി നിയമം എന്നു പലതവണ ഗവർണർ പരസ്യമായി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഈ വ്യവസ്ഥ ലംഘിച്ചു നാരായണന്റെ പേരു മാത്രം ശുപാർശ ചെയ്തതിനെയും അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഗവർണർ മടക്കി അയച്ച ഫയൽ പല തവണ സർക്കാരിലേക്കും തിരികെ രാജ്ഭവനിലേക്കും സഞ്ചരിച്ചു. ഒടുവിൽ കൃത്യം മൂന്നു മാസം തികഞ്ഞ ദിവസം അപ്രതീക്ഷിതമായി ഗവർണർ അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചു നൽകുകയായിരുന്നു.
ഫിഷറീസ്, കണ്ണൂർ സർവകലാശാലകളുടെ വിസി നിയമനം ചോദ്യം ചെയ്യുന്ന കേസുകളിൽ വിധി പ്രതികൂലമായാൽ സംസ്കൃത സർവകലാശാലയിലെ വിസി നിയമനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണു സാധ്യത. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കുന്ന ഉത്തരവിലൂടെയാണ് സംസ്കൃത സർവകലാശാലാ വിസിയെ നിയമിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.
∙ പാനലിന് എന്താണ് കുഴപ്പം
വിസി സ്ഥാനത്തേക്കു പാനൽ സമർപ്പിക്കണമെന്നു യുജിസി ചട്ടങ്ങളിൽ വ്യക്തമാക്കിയിരിക്കെ സംസ്ഥാന സർക്കാരിനും സേർച് കമ്മിറ്റിക്കും അത് അനുസരിച്ചാൽ പോരേ എന്നു തോന്നാം. മുൻപ് ഒരു തവണ തിരിച്ചടി കിട്ടിയതോടെയാണ് പാനൽ സമർപ്പിക്കുന്ന പരിപാടിയിൽനിന്നു സർക്കാരും സർക്കാരിനു മുൻതൂക്കമുള്ള സേർച് കമ്മിറ്റിയും പിൻവാങ്ങിയത്.
ആരോഗ്യ സർവകലാശാലയിൽ വിസിയെ നിയമിക്കാൻ മൂന്നു പേരുടെ പാനൽ ആണ് ഗവർണർക്കു സമർപ്പിച്ചത്. എന്നാൽ അതിൽനിന്നു സർക്കാരിനു താൽപര്യമുള്ള ആളിനെ ഗവർണർ ഒഴിവാക്കി. പകരം ഡോ.മോഹനൻ കുന്നുമ്മലിനെയാണ് അദ്ദേഹം നിയമിച്ചത്. തുടർന്നും ഇതേ പോലെ പാനൽ സമർപ്പിച്ചാൽ അതിൽ നിന്നു ഗവർണർക്കും ബിജെപിക്കും താൽപര്യമുള്ളവരെ വിസിയായി നിയമിക്കുമെന്നു സർക്കാർ ഭയപ്പെടുന്നു.
ഇതു മൂലമാണ് പാനലിനു പകരം ഒരു പേര് എന്ന നിലപാടിലേക്ക് സർക്കാർ വന്നത്. അല്ലെങ്കിൽ പാനലിൽ ഉള്ളവരെല്ലാം സർക്കാരിനു വേണ്ടപ്പെട്ടവർ ആയിരിക്കണം. കാലിക്കറ്റ് സർവകലാശാലയിൽ അഞ്ചു പേരുടെ പാനൽ നൽകിയത് വിവാദം ആയിരുന്നു. മുൻ ഗവർണർമാരുടെ കാലത്ത് കേരള, എംജി, കുസാറ്റ് സർവകലാശാലകളിൽ പാനൽ കൂടാതെ വിസിമാരെ നിയമിച്ച ചരിത്രവും ഉണ്ട്.
∙ കലാമണ്ഡലം സൃഷ്ടിച്ച തലവേദന
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക കൽപിത സർവകലാശാലയായ കലാമണ്ഡലവും ഇപ്പോൾ വിവാദത്തിലാണ്. സർവകലാശാലാ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരത്തെ ചൊല്ലി അവിടത്തെ വിസി സ്വീകരിച്ച നിലപാടാണ് വിവാദത്തിനു കാരണം. രാജ്യത്തെ കൽപിത സർവകലാശാലകളിൽ സർക്കാരുകൾക്ക് അധികാരം ഒന്നുമില്ല. നിയന്ത്രണം യുജിസിക്കു മാത്രമാണ്.
എന്നാൽ സർക്കാരിനു മാത്രമല്ല ചാൻസലറായ ഗവർണർക്കും അധികാരം ഇല്ലെന്ന നിലപാടിലാണ് കലാമണ്ഡലം വൈസ് ചാൻസലർ. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഫയലുകളുമായി രാജ്ഭവനിൽ എത്തണമെന്നു ഗവർണർ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ വിസി കൂട്ടാക്കിയില്ല.
ഈ സാഹചര്യത്തിൽ കൽപിത സർവകലാശാലകളുടെ ചാൻസലർമാരുടെ അധികാരം എന്തൊക്കെയാണെന്നു ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതു സംബന്ധിച്ചു യുജിസി ചട്ടങ്ങളിൽ പറയുന്നത് അനുസരിക്കാൻ എല്ലാവരും നിർബന്ധിതരാകും. കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ യുജിസി ചട്ടങ്ങൾ ആയിരിക്കും അന്തിമം.
English Summary: Vice Chancellor Appointment: Headache for State Governments