പത്രപ്പരസ്യം കല്ലുകടിയായി; ‘വിഐപിയുടെ മന്ത്രിയെ’ പുറത്താക്കാൻ ബിജെപി
Mail This Article
പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മന്ത്രി മുകേഷ് സാഹ്നിയെ പുറത്താക്കാൻ ബിജെപിയുടെ സമ്മർദമേറിയതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ധർമസങ്കടത്തിൽ. വിഐപിയുടെ മൂന്ന് എംഎൽഎമാരും ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ബിജെപി മുകേഷ് സാഹ്നിയുടെ രാജി ആവശ്യപ്പെട്ടത്. രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്നും മുകേഷ് സാഹ്നിയും കടുംപിടിത്തത്തിലാണ്.
വിഐപിക്കു നിയമസഭയിൽ അംഗങ്ങളില്ലാതായതിനാൽ മന്ത്രിസ്ഥാനത്തിന് അർഹതയില്ലെന്നാണു ബിജെപിയുടെ വാദം. മുകേഷ് സാഹ്നി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്. ബിഹാറിലെ എൻഡിഎയിൽ വിഐപി ഇല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പരസ്യ പ്രഖ്യാപനവും നടത്തി. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിഐപി നൽകിയ മുഴുവൻ പേജ് പത്രപ്പരസ്യമാണ് ബിഹാറിലെ സഖ്യകക്ഷികളായ ബിജെപിയും വിഐപിയും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
ബിഹാറിൽ ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും ഹിന്ദുസ്ഥാനി അവാം മോർച്ചയും യുപിയിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും വിഐപിയെ പോലെ കടുത്ത നിലപാടെടുത്തില്ല. ബിജെപിയെ അലോസരപ്പെടുത്താതിരിക്കാൻ യുപിയിൽ ജെഡിയു സ്ഥാനാർഥികൾക്കായി മുഖ്യമന്ത്രി നിതീഷ് കുമാർ പ്രചരണത്തിനിറങ്ങിയില്ല.
അതേസമയം, മുകേഷ് സാഹ്നി പാർട്ടി സ്ഥാനാർഥികൾക്കായി പ്രചരണത്തിനിറങ്ങുകയും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തു വോട്ടെടുപ്പ് തലേന്നു മുഴുവൻ പേജ് പത്രപ്പരസ്യം നൽകുകയും ചെയ്തു. യുപിയിലെ വെല്ലുവിളിക്കു കണക്കു തീർക്കാനാണ് ബിഹാറിൽ വിഐപിയുടെ മൂന്ന് എംഎൽഎമാരെയും ബിജെപി ചാക്കിലാക്കിയത്.
English Summary: All three MLAs of VIP join BJP; BJP demands resignation of mukesh sahani