ADVERTISEMENT

ന്യൂഡൽഹി ∙ പനി വന്നാൽ ഓടിപ്പോയൊരു പാരസെറ്റമോൾ കഴിക്കുന്നവർ നിരവധിയാണ്. പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ആശ്വാസം നൽകാൻ പാരസെറ്റമോൾ ഉപകരിച്ചിരുന്നു. അതിനാൽ സാധാരണക്കാരുടെ പ്രിയപ്പെട്ട മരുന്ന് കൂടെയാണ് പാരസെറ്റമോൾ. വിലക്കയറ്റം കാര്യമായി ബാധിക്കാതിരുന്ന പാരസെറ്റമോളിനും ഒടുവിൽ വിലയുയരാൻ പോവുകയാണ്. ഏപ്രിൽ ഒന്ന് മുതൽ പാരസെറ്റമോളിന് വില കൂടുമെന്ന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വ്യക്തമാക്കി.

പരമാവധി രണ്ട് രൂപവരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമോളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം. പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ.

'കേന്ദ്ര ധനകാര്യ ഉപദേശകന്റെ ഓഫിസിൽനിന്ന് ലഭിച്ച 2021ലെ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്'- നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിലയിൽനിന്ന് 10.7 ശതമാനം വളർച്ചയോടെ പുതുക്കിയ വിലനിർണയം നടത്തിയതായി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

English Summary: Prices of 800 essential medicines, including Paracetamol, set to rise by 10.7% from April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com