കോണ്ഗ്രസിനും ബിജെപിക്കും ഒപ്പം പിടിച്ച് എഎപി; രണ്ടിടത്ത് ഒതുങ്ങി കോണ്ഗ്രസ്
Mail This Article
ന്യൂഡൽഹി∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ ‘ആപ്പിലായത്’ കോൺഗ്രസാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ കെൽപ്പുള്ള ഏക പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനത്തുപോലും കനത്ത പ്രഹരമാണ് ഏൽക്കേണ്ടി വന്നത്. 2017ൽ നേടിയതിന്റെ നാലിൽ ഒന്ന് സീറ്റ് പോലും നേടാൻ പഞ്ചാബിൽ ഇത്തവണ കോൺഗ്രസിനായില്ല.
മാത്രമല്ല, പഞ്ചാബ് വിജയത്തോടെ ബിജെപിക്കും കോൺഗ്രസിനും പുറമെ ഒന്നിലധികം സംസ്ഥാനം ഭരിക്കുന്ന ഏക പാർട്ടിയെന്ന നേട്ടവും എഎപിക്കു സ്വന്തമായി. എഎപിയുടെയും കോൺഗ്രസിന്റെയും മുഖ്യമന്ത്രിമാരുടെ എണ്ണവും തുല്യമായി. പഞ്ചാബ് കൂടി കൈവിട്ടതോടെ ഇനി രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഭരണമുന്നണിയിലുണ്ടെങ്കിലും കോൺഗ്രസ് മുഖ്യമന്ത്രിയില്ല.
പാർട്ടിയുടെ തട്ടകമായ ഡൽഹിക്കു പുറമെയാണ് ഇപ്പോൾ സമീപസംസ്ഥാനമായ പഞ്ചാബിലേക്കും എഎപി ഭരണമെത്തുന്നത്. കേന്ദ്രഭരണപ്രദേശമായ ഡൽഹിയുടെ പരിമിതികളിൽനിന്നു ഒരു സമ്പൂർണ സംസ്ഥാനത്തിന്റെ ഭരണം കയ്യാളാനും എഎപിക്ക് അവസരം ലഭിക്കുന്നു. ഭഗവന്ത് സിങ് മാനിന്റെ നേതൃത്വത്തിലാണ് പഞ്ചാബ് എഎപി കയ്യിലൊതുക്കിയത്.
ആം ആദ്മി പാർട്ടിയുടെ വൻ മുന്നേറ്റത്തിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തെത്തിയ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും തോൽവി രുചിച്ചു.
കൂടാതെ, കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ്ങും എഎപി തരംഗത്തിൽ കടപുഴകി. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പിന്നിലാണ്.
English Summary: Congress Gets Setback in National Politics