ADVERTISEMENT

കൊച്ചി∙ കന്യാസ്ത്രീയ ബലാൽസംഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയുടെ നോട്ടീസ്. ബിഷപ്പിനെ വെറുതേവിട്ട ഉത്തരവിനെതിരെ ഇരയായ കന്യാസ്ത്രീ നൽകിയ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണം എന്ന ആവശ്യവുമായാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ലൈംഗിക പീഡനക്കേസിൽ പ്രോസിക്യൂഷൻ സമര്‍പ്പിച്ച തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടു എന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. കോടതി വിധി തെറ്റായ രീതിയിലുള്ളതാണെന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു. പ്രതിഭാഗം സമർപ്പിച്ച തെളിവുകൾ കോടതി മുഖവിലയ്ക്കെടുത്തപ്പോൾ പരാതിക്കാർ നൽകിയ തെളിവുകൾ അവഗണിക്കപ്പെട്ടെന്നാണ് ആരോപണം.

കേസിൽ സംസ്ഥാന സർക്കാരും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നും അപ്പീൽ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ അപ്പീലിനു സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും രണ്ടുമാസത്തിനു ശേഷമാണ് അനുമതിയുണ്ടായത്. തൊട്ടു പിന്നാലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീം കോടതി ഉത്തരവുകളെ പോലും അവഗണിച്ചായിരുന്നു വിചാരണക്കോടതിയുടെ വിധിയെന്നു പൊലീസ് പറയുന്നു. ഉന്നത അധികാരമുള്ള ബിഷപ്പിനു കീഴിൽ കഴിഞ്ഞിരുന്ന പരാതിക്കാരിയുടെ നിസഹായാവസ്ഥ ബിഷപ് ചൂഷണം ചെയ്യുകയായിരുന്നെന്നും ഇതിനെ എല്ലാം അതിജീവിച്ച് കന്യാസ്ത്രീ നൽകിയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും സർക്കാർ അപ്പീലിൽ പറയുന്നു.

English Summary: High Court notice for Bishop Franco in rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com