നാട്ടിലെങ്ങും ചാമ്പിക്കോ...! പാർട്ടി കോൺഗ്രസ് വേദിയിലും വൈറലായി വിഡിയോകൾ!
Mail This Article
ഡാർക്ക്‌വേഡായിരുന്നു, ഇപ്പോ ട്രെൻഡിയായി. മമ്മൂട്ടിയുടെ ‘ഭീഷ്മപർവം’ സിനിമ ഇറങ്ങിയതോടെ സ്റ്റാർ പദവിയിൽ എത്തിയത് ‘ചാമ്പിക്കോ’ എന്ന വാക്കാണ്. അങ്ങു തട്ടിയേക്ക് അല്ലെങ്കിൽ രണ്ടെണ്ണം പൊട്ടിച്ചേക്ക് എന്ന തരത്തിലാണ് ചാമ്പിക്കോ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ ‘ഭീഷ്മപർവ’ത്തിലൂടെ സംവിധായകൻ അമൽ നീരദ് ഈ വാക്കിന്റെ തലവര മാറ്റി. സിനിമയിലെ ട്രെൻഡ് രാഷ്ട്രീയക്കാർ അടക്കം ഏറ്റെടുത്തതോടെയാണ് ചാമ്പിക്കോ ശരിക്കും ചാമ്പിയത്.
സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലും ഈ ട്രെൻഡിന് മാറ്റമില്ല. ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തിയ മുഖ്യമന്ത്രിയുടെ വരവിലും എന്തിന് മുഖ്യന്റെ കാറിന്റെ സ്റ്റൈൽ ലുക്കിൽ പോലും ‘ചാമ്പിക്കോ’ വിഡിയോകൾ പുറത്തിറങ്ങി.
സിനിമയിൽ മമ്മൂട്ടിയുടെ ‘മൈക്കിളപ്പൻ’ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഇരുന്ന ശേഷം ഫോട്ടോ എടുത്തോ എന്നു പറയുന്നതിനു പകരം ഉപയോഗിച്ച വാക്കാണ് ചാമ്പിക്കോ. ഇതോടെ ഒരു ലോഡ് ചാമ്പിക്കോ വിഡിയോ റീൽസായും സ്റ്റേറ്റസായും സമൂഹമാധ്യമങ്ങളിൽ കത്തിക്കയറി. മുൻപും ട്രെൻഡ് സെറ്ററുകൾ ഉണ്ടെങ്കിലും സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവർ കാര്യമായി ഏറ്റെടുത്ത ട്രെൻഡുകൾ കുറവ്.
സിപിഎം നേതാവ് പി.ജയരാജനാണ് ആദ്യമായി ചാമ്പിക്കോ വിഡിയോയുമായി രംഗത്തെത്തിയ രാഷ്ട്രീയ പ്രമുഖൻ. ഗ്രൂപ്പ് ഫോട്ടോയ്ക്കായി ഇരിക്കുന്നവരുടെ നടുവിലേക്ക് എത്തി കൈ കെട്ടി കാലിന്മേൽ കാൽ കയറ്റി വച്ചുള്ള പി.ജയരാജന്റെ വിഡിയോ ഹിറ്റായി. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ ചരിത്ര പ്രദർശനത്തിന്റെ ചുമതലയുള്ള പ്രവർത്തകർക്കൊപ്പമായിരുന്നു ജയരാജന്റെ ട്രെൻഡി ഷോട്ട്.
പിന്നാലെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എത്തി. രാമപുരത്തു നടന്ന യൂത്ത് ഫ്രണ്ട് (എം) ജില്ലാ നേതൃക്യാംപിലായിരുന്നു ജോസ് കെ.മാണിയുടെ ചാമ്പിക്കോ. ക്യാംപിൽ പങ്കെടുത്ത 237 പേരും വിഡിയോയിലുണ്ടെന്നു യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് റോണി മാത്യു പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ട്രെൻഡിൽ നിന്നു മാറി നിന്നില്ല. തിരുവനന്തപുരത്തു മികച്ച തൊഴിൽ ദാതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് സമർപ്പണ വേദിയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന വിഡിയോ ബിജിഎം സഹിതം പങ്കു വച്ചാണ് ശിവൻകുട്ടി ‘ട്രെൻഡിക്കുട്ടി’യായത്. മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർക്കൊപ്പമായിരുന്നു ശിവൻകുട്ടിയുടെ ക്ലിക്ക്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്തംഗങ്ങൾക്കും ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കുമൊപ്പം എടുത്ത വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഗ്രൗണ്ടിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും പടം ‘ചാമ്പിയത്’.
കായിക താരങ്ങളും
സ്പോർട്സ് താരങ്ങളും ട്രെൻഡിന് ഒപ്പമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം എനെസ് സിപോവിച് ബ്ലാസ്റ്റേഴ്സ് ടീം സ്റ്റാഫിനൊപ്പമാണ് ചാമ്പിക്കോ വിഡിയോ പുറത്തിറക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ നൈജീരിയൻ ഫുട്ബോളർ ബാർത്തലോമിയോ ഒഗ്ബെച്ചെയും വിട്ടുകൊടുത്തില്ല. കൊച്ചിയിൽ അവധിക്കാലം ആസ്വദിക്കാൻ എത്തിയ ഒഗ്ബെച്ചെയും മൈക്കളപ്പനായി.
വെറൈറ്റി ചാമ്പിക്കോ
കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ ചാമ്പിക്കോ വിഡിയോയും ഹിറ്റാണ്. ഇതെല്ലാമുണ്ടെങ്കിലും മൂന്നാറിൽ നിന്നായിരുന്നു വെറൈറ്റി ചാമ്പിക്കോ ക്ലിക്ക്. പണിമുടക്കിനെത്തുടർന്നു മൂന്നാറിൽ ഉണ്ടായ സംഘർഷത്തിൽ എ.രാജ എംഎൽഎക്കു പരുക്കേറ്റെന്ന പരാതിയിൽ മൂന്നാർ സ്റ്റേഷൻ എസ്ഐ എം.പി.സാഗറിനെ സ്ഥലംമാറ്റി. സാഗറിനു നൽകിയ യാത്രയയപ്പിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിലും ചാമ്പിക്കോ ഇടം പിടിച്ചു.
English Summary: Mammoottys ‘Chambiko’ dialogue hit all over Kerala