നടിയെ ആക്രമിച്ച കേസ്: വിവരങ്ങൾ ചോരരുത്; കടുപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. ക്രൈംബ്രാഞ്ച് സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി ഷെയ്ക്ക് ദര്‍വേഷിനെ കഴിഞ്ഞയാഴ്ചയാണ് നിയമിച്ചത്.
ക്രൈംബ്രാഞ്ചിന്റെ കൈവശമിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളാണ് നടിയെ ആക്രമിച്ച കേസും ദിലീപിനെതിരായ വധഗൂഢാലോചന കേസും. ഇതിന്റെ പുരോഗതി വിലയിരുത്താൻ വേണ്ടിയാണ് വ്യാഴാഴ്ച തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചുചേർത്തത്.
ദിലീപിന്റെ ഫോണില്‍ കോടതിരേഖ വന്നത് എങ്ങനെയെന്നും ഇതിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വിചാരണക്കോടതി വ്യക്തമാക്കിയത്. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്നും കോടതി ചോദിച്ചു. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി.
English Summary: Crime branch head on actress attack case