ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ: സംസ്ഥാന വ്യാപകമായി പരിശോധനയ്ക്കു നിർദേശം
Mail This Article
കാസർകോട്∙ ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു നിര്‍ദേശം. സംസ്ഥാനത്തെ ഷവര്‍മ വിൽപന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണു ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിനു ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും പരിശോധിക്കുക.
അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റ് കൂള്‍ബാറിന്റെ ഉടമ. ഇദ്ദേഹം നിലവില്‍ വിദേശത്താണെന്നാണ് വിവരം.
കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ അനസിനെനെയും ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറും പൊലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തില്‍ പരിശോധന നടത്തി.
ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.
English Summary: Kasaragod Shawarma incident; Food safety department checking