ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണിത്. പി.ടി. തോമസിന്റെ മരണത്തെ തുടർന്നുണ്ടായ ശക്തമായ സഹതാപതരംഗം അവിടെ പ്രതിഫലിച്ചു. പി.ടിയെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റു മതവിഭാഗങ്ങൾക്കിടയിലുണ്ടായ പ്രതിഷേധം യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയായിരുന്നു. ആലപ്പുഴയിലെ അക്രമങ്ങൾ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും വലിയ ധ്രുവീകരണത്തിനിടയാക്കി. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടും സിൽവർലൈനിനായി കുറ്റിയിടാൻ വീടുകൾ കയറിയ സർക്കാരിനേറ്റ തിരിച്ചടി കൂടിയാണിത്. ബിജെപി ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. അവിടെ ശക്തമായ പ്രവർത്തനമാണ് നടത്തിയത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിനോട് അടുത്തു തന്നെ ഇത്തവണ ബിജെപിക്കു ലഭിച്ചു. പോളിങ് ശതമാനം കുറഞ്ഞതിനാൽ കുറച്ച് വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫിനുണ്ടായ പരുക്ക് കണക്കിലെടുത്താൽ ബിജെപിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിൽ ജോ ജോസഫ് അല്ല മത്സരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ക്യാംപ് ചെയ്താണ് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ തോൽപിക്കണമെന്ന വികാരമാണ് ജനങ്ങളിൽ പ്രതിഫലിച്ചത്.

പരമ്പരാഗത യുഡിഎഫ് മണ്ഡലമായതിനാൽ സർക്കാർ വിരുദ്ധ വോട്ടുകളെല്ലാം അവർക്ക് ലഭിച്ചു. ഉപതിരഞ്ഞെടുപ്പുകളിൽ പൊതുവേ മൂന്നാംകക്ഷിക്ക് ജനങ്ങൾ ചെറിയ പരിഗണനയേ നൽകാറുള്ളൂ. പി.സി.ജോർജിനെ കൊണ്ടുനടന്നത് തിരിച്ചടിയല്ല. എന്നാൽ, അദ്ദേഹം ഉയർത്തിയ വിഷയങ്ങൾ ആ മതവിഭാഗത്തിൽ ചലനങ്ങൾക്ക് ഇടയാക്കിയെങ്കിലും പിണറായിയെ തോൽപ്പിക്കാൻ വോട്ട് യുഡിഎഫിന് പോയെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K. Surendran on Thrikkakara bypoll results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com