തിരഞ്ഞെടുപ്പ് കെറെയിലിന്റെ ഹിതപരിശോധന അല്ല; 2244 വോട്ടുകൾ വർധിച്ചു: കോടിയേരി
Mail This Article
തിരുവനന്തപുരം∙ തൃക്കാക്കര തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്നും കെ റെയിലും തിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ സംബന്ധിച്ച നിർദേശം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന പത്രികയിലാണ് ഉണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റ് ലഭിച്ചു. ബന്ധപ്പെട്ട അനുമതികൾ ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. തോൽവിയുടെ കാരണങ്ങൾ ബൂത്തു തലംവരെ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൃക്കാക്കരയിൽ 2244 വോട്ടുകൾ എൽഡിഎഫിനു വർധിച്ചു. 33.32% വോട്ട് 35.28 ശതമാനമായി. യുഡിഎഫിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര. ബിജെപിയുടെ വോട്ടു കുറഞ്ഞതും ട്വന്റി20 പോലുള്ള സംഘടനകളും യുഡിഎഫിനു ഗുണകരമായി. ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15483 വോട്ടും ഇത്തവണ 12995 വോട്ടുമാണു ലഭിച്ചത്. ബിജെപിയുടെ വോട്ടിൽ വലിയ കുറവ് വരുന്നുണ്ട്. ആ വോട്ട് യുഡിഎഫിന് അനുകൂലമാകുകയാണ്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ലെന്നും പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എറണാകുളത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. അത് പ്രത്യേകം പരിശോധിക്കും. ജാഗ്രതയോടെ പ്രവർത്തിക്കണം എന്നാണ് ജനവിധിയെ കാണുന്നത്.
ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം പോയി എന്നു പാർട്ടി കരുതാറില്ലെന്നു കോടിയേരി പറഞ്ഞു. പാർലമെന്റിൽ 20 സീറ്റിൽ പത്തൊൻപതും തോറ്റശേഷമാണ് നിയമസഭയിൽ 99 സീറ്റിലേക്കു എൽഡിഎഫ് എത്തിയത്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന്, വോട്ടിൽ വർധനയുണ്ടായി, സ്വാഭാവികമായി അതു മുന്നേറ്റമാണെന്നായിരുന്നു മറുപടി. ജയം മാത്രമല്ല, വോട്ടിങ്ങിലെ വർധനവും വലിയ കാര്യമാണ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാണെന്നും കോടിയേരി പറഞ്ഞു. സ്ഥാനാർഥിയെ വിവരം അറിയിക്കാൻ പോയപ്പോൾ മാധ്യമങ്ങൾ കൂടി. സ്ഥാനാർഥി പ്രഖ്യാപനമാണെന്നു മാധ്യമങ്ങൾ ധരിച്ചു. സ്വാഭാവികമായും മണ്ഡലത്തില്‍ യുഡിഎഫിന് ഒരു സഹതാപം ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. സർക്കാരിന്റെ പ്രവർത്തന ശൈലി ബാധകമായ തിരഞ്ഞെടുപ്പല്ല ഒരു അസംബ്ലി മണ്ഡലത്തിലെ മാത്രം തിരഞ്ഞെടുപ്പാണെന്നും കോടിയേരി പറഞ്ഞു.
പി.സി.ജോര്‍ജിന്റെ പ്രസംഗം തിരഞ്ഞെടുപ്പിനെ ബാധിച്ചോയെന്ന് പരിശോധിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. അതോടൊപ്പം മുസ്‍ലിം ലീഗും മറ്റു ഘടകകക്ഷികളും സാമുദായിക സംഘടനകളും ചേരുമ്പോൾ അതൊരു ഘടകമാണ്. എല്ലാ മാധ്യമങ്ങളും അവരുടെ കൂടെയായിരുന്നു. അതെല്ലാം ചേരുമ്പോൾ അവർക്ക് അനുകൂലമായ അന്തരീക്ഷമുണ്ടായി. അതു ക്ഷമാപൂർവം പ്രവർത്തിച്ചു മാറ്റുകയെന്നതാണ് ലക്ഷ്യം.
English Summary: Kodiyeri Balakrishnan on Thrikkakara bypoll results