‘മുരളീധരൻ ബിജെപിയുടെ ശാപം’; വിമർശിച്ച് യുവമോർച്ച നേതാവ്, പുറത്താക്കി പാർട്ടി
Mail This Article
തൃശൂർ∙ തൃക്കാക്കര തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരനെ പേരെടുത്ത് വിമർശിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. ട്വിറ്ററിലാണ് വി.മുരളീധരനെ രൂക്ഷമായി വിമർശിച്ചത്.
‘മുരളീധരൻ കേരള ബിജെപിയുടെ ശാപം. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ തോൽവിക്ക് കാരണം മുരളീധരനാണ്. മന്ത്രി സ്ഥാനത്തുനിന്ന് നീക്കണം’ എന്നാണ് യുവമോർച്ച നേതാവ് ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ പാർട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് ട്വീറ്റ് നീക്കി. പിന്നാലെ പ്രസീദിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
തൃക്കാക്കരയിൽ സംസ്ഥാന നേതാവിനെ മത്സരിപ്പിച്ചിട്ടും കെട്ടിവച്ച കാശ് പോലും പോയ അവസ്ഥയിലാണ് ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞതും നേതൃത്വത്തിന് തലവേദനയാവുകയാണ്. ഇതിന് പിന്നാലെ ബിജെപിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചില്ല. 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് എ.എൻ.രാധാകൃഷ്ണന് നേടാനായത്.
English Summary: Yuva Morcha leader against V.Muraleedharan